| Saturday, 22nd December 2018, 2:23 pm

ശബരിമലയില്‍ ഉടന്‍ എത്തും, ദിവസം ഏതെന്ന് പറയില്ല; ദര്‍ശനം നടത്തിയ ശേഷം മാത്രമേ പുറത്തറിയിക്കുള്ളൂ; പൊലീസുമായി സംസാരിച്ചെന്നും തൃപ്തി ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ശബരിമല ദര്‍ശനത്തിനായി ഉടന്‍ തന്നെ എത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. എന്നാണ് വരുന്നതെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കഴിഞ്ഞ തവണ പരസ്യമായി തിയതി പ്രഖ്യാപിച്ച് വന്നതിനാലാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ സാധിക്കാതിരുന്നതെന്നും തൃപ്തി ദേശായി പറഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

ശബരിമലയില്‍ ഇനിയെത്തുമ്പോള്‍ മുന്‍പ് സംഭവിച്ച പോലുള്ള കാര്യങ്ങള്‍ ഉണ്ടാകില്ല. വീണ്ടും ശബരിമലയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കേരള പൊലീസുമായി സംസാരിച്ചിരുന്നു. ഉറപ്പായും സുരക്ഷ നല്‍കാമെന്നാണ് അവര്‍ പറഞ്ഞത്.


വനിതാ മതിലിനെ പിന്തുണച്ചു; മുസ്‌ലിം ലീഗ് നേതാവ് സി. ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി


കഴിഞ്ഞ തവണ സംഭവിച്ചത് പോലെ മുന്‍കൂട്ടി തിയതി പ്രഖ്യാപിച്ച് വരാതെ ആരെയും അറിയിക്കാതെ വരാനാണ് അവര്‍ പറഞ്ഞത്. കേരള പൊലീസിന്റെ ഭാഗത്ത് നിന്നും പരിപൂര്‍ണ സുരക്ഷ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ തവണ സംഭവിച്ച പിഴവ് ആവര്‍ത്തിക്കാതിരിക്കാനുളള തയ്യാറെടുപ്പുകള്‍ ഇത്തവണ നടത്തും.

പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഞങ്ങള്‍ എപ്പോള്‍ വരുമെന്നതിനെ കുറിച്ച് ഒരു സൂചന പോലും ലഭിക്കില്ല. അത്രയും സൂക്ഷ്മതയോടെ ആയിരിക്കും ഇനിയുളള വരവ്.

ആത്യന്തികമായി ശബരിമലയിലെ യുവതി പ്രവേശനമാണ് ലക്ഷ്യം. അത് സാധ്യമാകുന്ന തരത്തിലായിരിക്കും അടുത്ത വരവ്. ഇനിയുളള വരവില്‍ ശബരിമലയില്‍ അയ്യപ്പനെ കണ്ട് തൊഴുതിട്ടേ മടങ്ങൂ.

ദര്‍ശനം നടത്തി തിരികെ പോയതിന് ശേഷം മാത്രമായിരിക്കും അക്കാര്യം പുറത്ത് അറിയുക എന്നും തൃപ്തി ദേശായി പറയുന്നു.

നേരത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയേയും സംഘത്തേയും
നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു.

മണിക്കൂറുകളോളം വിമാനത്താവളത്തിനുള്ളില്‍ നിന്നിട്ടും പ്രതിഷേധത്തെ തുടര്‍ന്ന് ഇറങ്ങാനാവാത്തതിനാല്‍ തൃപ്തി ദേശായി തിരിച്ചുപോകുകയായിരുന്നു. നിലയ്ക്കലെത്തിയാല്‍ സുരക്ഷ നല്‍കാമെന്ന നിലപാടിലായിരുന്നു അന്ന് കേരള പൊലീസ്.

We use cookies to give you the best possible experience. Learn more