ഡി.എം.കെ ബി.ജെ.പിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് തമിഴ്‌സൈ സൗന്ദരരാജന്‍; തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് സ്റ്റാലിന്
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ ബി.ജെ.പിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ബി.ജെ.പി തമിഴ്‌നാട് അദ്ധ്യക്ഷ തമിഴ്‌സൈ സൗന്ദര്‍ രാജന്റെ ആരോപണത്തിനെതിരെ എം.കെ സ്റ്റാലിന്‍.
മോദിയും സൗന്ദരരാജനും ആരോപണം തെളിയിക്കുകയാണെങ്കില്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കാം. ഇല്ലെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ രാജിവെക്കുമോയെന്ന് സ്റ്റാലിന്‍ ചോദിച്ചു.
രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ഡി.എം.കെയാണ്. ബി.ജെ.പിയ്‌ക്കെതിരായ എന്റെ ക്യംപെയ്ന്‍ അവര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഈ നിലവാരത്തിലേക്ക് അവര്‍ താഴുന്നത്. സ്റ്റാലിന്‍ പറഞ്ഞു.
ഡി.എം.കെ ബി.ജെ.പിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് സൗന്ദര രാജന്‍ ആരോപിച്ചിരുന്നു. ‘ഒരു വശത്ത് രാഹുല്‍ഗാന്ധി മറുവശത്ത് കെ.സി.ആറും മോദിയും. ഡി.എം.കെ നിറം മാറി കളിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം.’
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഇതര മൂന്നാം മുന്നണിയ്ക്ക് സാധ്യതയില്ലെന്ന് സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ മെയ് 23ന് വോട്ടെണ്ണലിന് ശേഷം മാത്രമേ തീരുമാനമുണ്ടാവുകയുള്ളൂവെന്നും സ്റ്റാലിന് പറഞ്ഞിരുന്നു.