| Monday, 25th January 2021, 9:24 am

ഒരു കുടുംബത്തിലെ ഒരാളെ മാത്രമേ രാഷ്ട്രീയത്തില്‍ അനുവദിക്കൂ എന്ന നിയമം കേന്ദ്രം കൊണ്ടുവരട്ടേ എന്ന് തൃണമൂല്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി. തൃണമൂല്‍കോണ്‍ഗ്രസ് സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയായായിരുന്നു പ്രതികരണം.

ഒരു കുടുംബത്തിലെ ഒരാളെ മാത്രമേ രാഷ്ട്രീയത്തില്‍ അനുവദിക്കൂ എന്ന് നിയമനിര്‍മ്മാണം നടത്താന്‍ അഭിഷേക് കേന്ദ്രത്തെ വെല്ലുവിളിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയാണ് ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള എം.പിയായ അഭിഷേക് ബാനര്‍ജി.

ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങളെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിലക്കുന്ന ബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കണമെന്നും അങ്ങനെയാണെങ്കില്‍ അടുത്ത നിമിഷം രാഷ്ട്രീയ രംഗത്ത് നിന്ന് മാറിനില്‍ക്കുമെന്നും അഭിഷേക് പറഞ്ഞു.

‘സജീവമായ രാഷ്ട്രീയത്തില്‍ ഒരു കുടുംബത്തിലെ ഒരു അംഗം മാത്രമേ ഉണ്ടാകൂവെന്ന് നിങ്ങള്‍ ഉറപ്പുവരുത്തുകയാണെങ്കില്‍, അടുത്ത നിമിഷം മുതല്‍ ടി.എം.സിയില്‍ ഞങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള മമത ബാനര്‍ജി മാത്രമേ ഉണ്ടാകൂ. ഞാന്‍ അത് വാഗ്ദാനം ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയിലാണ് കുടുംബ വാഴ്ച നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ബി.ജെ.പി പറഞ്ഞുനടക്കുന്ന ആരോപണങ്ങള്‍ നേരാണെന്ന് തെളിയിച്ചാല്‍ പരസ്യമായി തൂങ്ങിമരിക്കുമെന്നും അഭിഷേക് പറഞ്ഞു.

ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ ബംഗാള്‍ പിടിച്ചെടുക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ എത്തിയതാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ ബംഗാള്‍ തുടര്‍ന്നും തങ്ങള്‍ തന്നെ ഭരിക്കുമെന്നാണ്
തൃണമൂലിന്റെ വാദം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Will Quit If Centre Brings Law Against Dynastic Politics: Trinamool’s Abhishek Banerjee

We use cookies to give you the best possible experience. Learn more