| Thursday, 17th February 2022, 12:00 pm

അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് കാരണക്കാരായവരെയും, അവരെ സംരക്ഷിക്കുന്നവരെയും തുറുങ്കിലടക്കും: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി ആക്രമണ കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ ജയിലിലടക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ആശിഷ് മിശ്രയെ മാത്രമല്ല, അയാളെ സംരക്ഷിക്കുന്നവരെയും തുറുങ്കിലടക്കുമെന്നും അഖിലേഷ് പറഞ്ഞു.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചുകയറ്റി നാല് കകര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ആശിഷ് മിശ്രയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഖിലേഷ് ഇക്കാര്യം പറയുന്നത്.

‘കര്‍ഷകരെ കൊലപ്പെടുത്തിയ മന്ത്രി പുത്രന് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വേണ്ട രീതിയിലല്ല ഈ കേസ് നടത്തിയത്. ഞങ്ങളുടെ സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരുമെന്നും, അങ്ങനെ വരുമ്പോള്‍ കര്‍ഷകരുടെ ജീവന്‍ കുരുതി കൊടുത്തവരെ മാത്രമല്ല, അവരെ സംരക്ഷിക്കുന്നവരെയും ജയിലിലെത്തിക്കുന്ന തരത്തിലാവും സര്‍ക്കാര്‍ കേസ് നടത്തുകയെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു,’ അഖിലേഷ് പറയുന്നു.

ലഖിംപൂര്‍ ഖേരിയിലേതു പോലുള്ള ഒരു സംഭവം ലോകം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഭരണകാലത്ത് സര്‍ക്കാരിന്റെ നിയമപാലനത്തെക്കുറിച്ച് നിരന്തരമായ ആക്രമണങ്ങള്‍ അഭിമുഖീകരിച്ചിരുന്ന അദ്ദേഹം, നിയമം കയ്യിലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി പത്തിനായിരുന്നു ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്.

ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.

നേരത്തെയും ആശിഷ് ജാമ്യാപേക്ഷ നല്‍കിയിരുന്നു എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനിടയിലാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.

ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്ന കേസ്.

ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരേയും അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേര്‍ ജയിലിലിലായിരുന്നു. വിരേന്ദ്ര കുമാര്‍ ശുക്ല എന്നയാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചാര്‍ത്തിയിരുന്നു.

Content Highlight: Will put Lakhimpur Kheri accused back in jail: Akhilesh

We use cookies to give you the best possible experience. Learn more