ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം നാല് വര്‍ഷത്തെ സേവനം കഴിഞ്ഞ് തിരികെയെത്തുന്ന അഗ്നിവീരന്മാര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് പ്രഖ്യാപനവുമായി ഘട്ടര്‍ രംഗത്തെത്തിയിരിക്കുന്നത്.
‘നാലു വര്‍ഷത്തെ സേവനത്തിനു ശേഷം തിരികെയെത്തുന്ന അഗ്നിവീരന്മാരില്‍ 75 ശതമാനം പേര്‍ക്കും ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കും. ഗ്രൂപ്പ് സി ജോലികള്‍ക്കായി ആഗ്രഹിക്കുന്നവര്‍ക്ക് ഏത് കേഡറിലും ജോലിചെയ്യാനാകും. അല്ലെങ്കില്‍ പൊലീസില്‍ ജോലിയുണ്ട്. അതും അവര്‍ക്ക് ചെയ്യാം,’ ഘട്ടര്‍ പറഞ്ഞു.
ജൂണ്‍ 14നാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. സൈന്യത്തിലേക്ക് യുവാക്കളെ നിയമിക്കുന്ന പദ്ധതിയ്ക്ക് വലിയ രീതിയിലുള്ള എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. അഗ്നിപഥ് യുവാക്കളുടെ ഭാവി നശിപ്പിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം പദ്ധതി പ്രകാരം സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരില്‍ 25 ശതമാനം പേരെ മാത്രമായിരിക്കും സൈന്യത്തില്‍ സ്ഥിരം നിയമിക്കുക. അവശേഷിക്കുന്ന 75ശതമാനം പേര്‍ നാല് വര്‍ഷത്തിന് ശേഷം തൊഴില്‍ രഹിതരാകും.