| Wednesday, 6th May 2020, 9:16 pm

എം.ടിയുടെ തിരക്കഥയില്‍ രണ്ടാംമൂഴം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുമോ; അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: എം.ടിയുടെ സ്വപ്‌ന പദ്ധതിയാണ് രണ്ടാംമൂഴം. നടന്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രം പിന്നീട് തര്‍ക്കം മൂലം ചിത്രം അനിശ്ചിതത്തിലാവുകയായിരുന്നു.

ഒടിയന്‍ സിനിമ ആരാധകരില്‍ നിരാശയുണ്ടാക്കിയതും ശ്രീകുമാര്‍ മേനോനെ ഈ സിനിമ സംവിധാനം ചെയ്യാന്‍ സമ്മതിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. പ്രിയദര്‍ശന്‍ ഈ സിനിമ ചെയ്യണമെന്നും ഇത്തരത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് പ്രിയദര്‍ശന്‍. ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ രണ്ടാംമൂഴത്തിനെ കുറിച്ച് മനസുതുറന്നത്.

സത്യം പറഞ്ഞാല്‍, എംടിയെ സമീപിക്കുകയോ രണ്ടാംമൂഴത്തിനെ കുറിച്ച്് സംസാരിക്കുകയോ ചെയ്യുന്നത് എന്റെ ഭാഗത്തുനിന്ന് ഉചിതമല്ല. അതിനാല്‍ അത്തരമൊരു ചോദ്യം ഉയര്‍ന്നുവരുന്നില്ല. കൂടാതെ, എംടി സാറിനൊപ്പം, രണ്ടാംമൂഴം പോലുള്ള ഒരു വലിയ പ്രോജക്റ്റിനായി ബന്ധപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പകരം എന്റെ മനസ്സിലുള്ളത് കാഞ്ചിവരം പോലുള്ള ഒരു ചെറിയ കഥയാണ്. രണ്ട്-മൂന്ന് പ്രോജക്ടുകള്‍ക്ക് വേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു, പക്ഷേ ചില നിര്‍ഭാഗ്യകരമായ കാര്യങ്ങള്‍ കൊണ്ട് അവ ഉപേക്ഷിക്കുകയും ചെയ്തു. അത് വീണ്ടും സംഭവിക്കാന്‍ സാധ്യതയില്ല, പക്ഷേ ഞാന്‍ കാത്തിരിക്കും. അമിതാഭ് ബച്ചനുമൊത്ത് പ്രവര്‍ത്തിക്കുക എന്നതാണ് മറ്റൊരു സ്വപ്നം. എന്നായിരുന്നു ചോദ്യത്തിന് മറുപടിയായി പ്രിയദര്‍ശന്‍ പറഞ്ഞത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റെതായി തിയേറ്ററുകളില്‍ എത്താനുള്ള ചിത്രം. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല.

അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.

വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more