ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മത്സരിച്ച് ജയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് അദ്ദേഹം വയനാട്ടില്‍ മത്സരിക്കുന്നതെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. മോദിയ്ക്ക് ഇതുപോലെ കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്നും ശശി തരൂര്‍ ചോദിച്ചു.
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി തങ്ങളുടെ പ്രദേശത്ത് നിന്നാവും എന്നുള്ളത് കൊണ്ട് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രകടമായ ആവേശം ഉണ്ടായിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. അമേത്തിയിലും വയനാട്ടിലും ജയിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരേ പോലെ ജനസമ്മിതി ലഭിക്കുന്ന അപൂര്‍വ്വം നേതാക്കളിലൊരാളാവും രാഹുലെന്നും തരൂര്‍ പറഞ്ഞു.
രാഹുല്‍ഗാന്ധി ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന തരത്തില്‍ പ്രസ്താവനയിറക്കുന്നതിലൂടെ ബി.ജെ.പി മതഭ്രാന്ത് പ്രചരിപ്പിക്കുകയാണെന്നും ഒരു പ്രധാനമന്ത്രിയില്‍ നിന്നാണ് ഇത്തരമൊരു പ്രസ്താവന ഉണ്ടായിരിക്കുന്നതെന്നാണ് ഏറ്റവും നിരാശജനകമെന്നും തരൂര്‍ പറഞ്ഞു.
ബി.ജെ.പിയുടെ മതഭ്രാന്തിന് ഒരിക്കല്‍ കൂടി ചൂട്ടുപിടിക്കുന്നതിലൂടെ ഒരു പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയായിരിക്കണമെന്ന ആശയത്തെ മോദി അവഹേളിച്ചിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
ഇത്രയൊക്കെ മതഭ്രാന്ത് പറഞ്ഞിട്ടും ബി.ജെ.പിയ്ക്ക് അവരുടെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ലെന്നും ബി.ജെ.പിയുടെ മേല്‍ക്കോയ്മാ രാഷ്ട്രീയത്തെ സംസ്ഥാനത്തെ ജനങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഇത്തവണയും കേരളത്തിലെ അഭ്യസ്തവിദ്യരായ വോട്ടര്‍മാര്‍ ബി.ജെ.പിയ്ക്ക് പ്രഹരമേല്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു.