| Sunday, 12th May 2019, 7:40 pm

കോണ്‍ഗ്രസിന് 40ലധികം സീറ്റുകള്‍ ലഭിച്ചാല്‍ മോദി സ്വയം കെട്ടിത്തൂങ്ങുമോ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി അവകാശപ്പെടുന്നതില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ മോദി സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോയെന്ന് ഖാര്‍ഗെ ചോദിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘കോണ്‍ഗ്രസിന് 40 സീറ്റുകളിലധികം ലഭിക്കില്ലെന്ന് എവിടെ പോയാലും മോദി പറയുന്നു. നിങ്ങളത് വിശ്വസിക്കുന്നുണ്ടോ. കോണ്‍ഗ്രസിന് 40ലധികം സീറ്റുകള്‍ ലഭിച്ചാല്‍ മോദി ദല്‍ഹിയിലെ വിജയ് ചൗക്കില്‍ സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോ’- ഖാര്‍ഗെ ചോദിക്കുന്നു. കര്‍ബുര്‍ഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.

കോണ്‍ഗ്രസിനെ പിന്തുണച്ച് വോട്ടുകള്‍ പാഴാക്കരുതെന്ന് മോദി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ‘അധികാരത്തില്‍ വരുന്ന പാര്‍ട്ടിക്ക് വോട്ടു നല്‍കി നിങ്ങള്‍ക്കതിനെ ശക്തിപ്പെടുത്താം. ബി.ജെ.പിക്ക് 2014ലേതിനാക്കള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിയുമോ എന്നത് മാത്രമാണ് ചോദ്യം’- എന്നായിരുന്നു മോദി പറഞ്ഞത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രാജ്യം ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ഒറ്റയ്ക്കു ലഭിച്ചപ്പോള്‍, കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന എസ്.പി-ബി.എസ്.പി സഖ്യത്തേയും മോദി വിമര്‍ശിച്ചിരുന്നു. റോഡരികിലുള്ള ഗുണ്ടകളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത ഇവര്‍ക്ക് തീവ്രവാദത്തിനെതിരെ പോരാടാന്‍ കഴിയില്ലെന്നായിരുന്നു മോദി പറഞ്ഞത്.

നേരത്തെ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന് ആരോപിച്ച സമയത്തും മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. വളരെ ചെറിയ പ്രായത്തില്‍ വീടു വിട്ടിറങ്ങിയതു കൊണ്ട് മോദിക്ക് സംസ്‌കാരത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ലഭിച്ചില്ലെ എന്നായിരുന്നു ഖാര്‍ഗെ ചോദിച്ചത്.

We use cookies to give you the best possible experience. Learn more