മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാര്‍ കടന്നുകയറുമ്പോള്‍ ഹനുമാന്‍ ചാലീസ പാടിക്കൊണ്ടിരുന്നാല്‍ മതിയോ എന്നാണ് ശിവസേന ചോദിക്കുന്നത്.
ബി.ജെ.പിയുടെ നിയോ ഹിന്ദുത്വവാദം (നവ ഹിന്ദുത്വവാദം) വിഭജനത്തിന് മുമ്പുള്ള അവസ്ഥ സൃഷ്ടിക്കുന്നുവെന്നും ഹിന്ദുത്വവാദമുയര്‍ത്തിപ്പിടിക്കുന്നതിനേക്കാള്‍ ബി.ജെ.പിക്ക് ഹിന്ദു – മുസ്‌ലിം തര്‍ക്കങ്ങളും കലാപങ്ങളും സൃഷ്ടിക്കുക മാത്രമാണ് ലക്ഷ്യമെന്നും ശിവസേന ആരോപിക്കുന്നു.
ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തിലാണ് ശിവസേന ബി.ജെ.പിയെ കടന്നാക്രമിക്കുന്നത്.
‘ബി.ജെ.പിയുടെ ഹിന്ദുത്വവാദം കേവലം സ്വാര്‍ത്ഥവും പൊള്ളയായതുമാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി കലാപങ്ങള്‍ സൃഷ്ടിക്കുന്നതിലും സമൂഹത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിലും ഇവര്‍ക്ക് പങ്കുണ്ട് എന്ന സംശയം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഹനുമാന്‍ ചാലീസ പാടിക്കൊണ്ടിരുന്നാല്‍ ഗാല്‍വാന്‍ അതിര്‍ത്തിയിലെ ചൈനീസ് പട്ടാളം പിന്തിരിയുമോ? അവര്‍ പിന്തിരിയുമെങ്കില്‍ കുഴപ്പമില്ല.
കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ മുസ്‌ലിം പള്ളികള്‍ക്ക് മുമ്പില്‍ പോയി ഉച്ചത്തില്‍ ഹനുമാന്‍ ചാലീസ വെച്ചാല്‍ മതിയാവുമോ?’ ശിവസേന മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
പള്ളിയില്‍ ബാങ്ക് വിളിച്ചാല്‍, ഹനുമാല്‍ ചാലീസ വെക്കുന്നതിന് വേണ്ടി ഉച്ചഭാഷിണി വാങ്ങി നല്‍കുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെയായിരുന്നു ശിവസേനയുടെ മുഖപ്രസംഗം.
ബി.ജെ.പിയുടെ നിയോ ഹിന്ദുത്വവാദം രാജ്യത്തെ പിന്നോട്ട് നയിക്കുകയാണെന്നും വിഭജനത്തിന് മുമ്പുള്ള അവസ്ഥ സൃഷ്ടിക്കുക മാത്രമാണ് ബി.ജെ.പി ഇതിലൂടെ ചെയ്യുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.
കര്‍ണാടകയിലെ ഹിജാബ് വിവാദവും മുസ്‌ലിം കച്ചവടക്കാരെ അമ്പലത്തിന് മുമ്പില്‍ കച്ചവടം ചെയ്യാന്‍ സമ്മതിക്കാത്തതും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ശിവസേന ഇക്കാര്യം സൂചിപ്പിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റലില്‍ മാംസം വിളമ്പുന്നതുമായി ബന്ധപ്പെട്ട് എ.ബി.വി.പി നടത്തിയ ആക്രമണം പണപ്പെരുപ്പവും തൊഴിലില്ലായമയും പോലുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി നടത്തിയ ആസൂത്രിതമായ നീക്കമാണെന്നും ശിവസേന മുഖപ്രസംഗത്തില്‍ ആരോപിച്ചു.
Content Highlight: Will playing Hanuman Chalisa stop Chinese intrusion at Galwan Valley? Sena slams BJP