| Wednesday, 28th September 2016, 7:16 pm

ഇന്ത്യന്‍ സൈനികര്‍ക്കായി പാക്കിസ്ഥാനെ തോല്‍പ്പിക്കുമെന്ന് പി.ആര്‍ ശ്രീജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക്കിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കുന്നില്ലെന്നും ശ്രീജേഷ് പറഞ്ഞു.


ബംഗളൂരു: അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ഇന്ത്യന്‍ സൈനികര്‍ക്കായി അടുത്തമാസം മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ പി.ആര്‍ ശ്രീജേഷ്.

പാക്കിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കുന്നില്ലെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒക്ടോബര്‍ 23നാണ് ഇന്ത്യ-പാക്കിസ്ഥന്‍ പോരാട്ടം.

കളിക്കളത്തിലെ ഇന്ത്യ-പാക്ക് പോരാട്ടം എന്നും ആവേശത്തോടെയാണ് കാണികള്‍ സ്വീകരിച്ചിട്ടുള്ളത്.  എന്തു വില കൊടുത്തും മത്സരം ഞങ്ങള്‍ ജയിക്കും. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ സൈനികരെ ഒരിക്കലും ഞങ്ങള്‍ നിരാശപ്പെടുത്തില്ല, ശ്രീജേഷ് പറഞ്ഞു.

ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് വഷളായ ഇന്ത്യ-പാക്കിസ്ഥാന്‍ സൗഹൃദത്തെക്കുറിച്ച് എടുത്ത് പറയാതെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. പാക്കിസ്ഥാന്‍ ഇപ്പോള്‍ ഏറ്റവും മോശം ഫോമിലാണുള്ളത്. തനിക്ക് അങ്ങനെയാണ് തോന്നുന്നത്. പക്ഷേ അവര്‍ക്ക് നല്ല മനോധൈര്യമുണ്ട്. അവര്‍ക്ക് ഏത് ടീമിനെയും എപ്പോള്‍ വേണമെങ്കിലും പരാജയപ്പെടുത്താനുള്ള കഴിവുണ്ട്. അതാണ് പാക്കിസ്ഥാന്‍ ഹോക്കി ടീമിന്റെ പ്രത്യേകതയെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീം പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ബംഗളൂരുവിലെ സായ് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

റിയോ ഒളിംപിക്‌സിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളാണ് പുരുഷ ഹോക്കി ടീം നേരിടേണ്ടി വന്നത്.  എന്നാല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്താനാവുമെന്ന ഉറച്ച വിശ്വാസം തനിക്കും ടീമിനുമുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു.

We use cookies to give you the best possible experience. Learn more