Advertisement
national news
ബി.ജെ.പിയെ സഹായിക്കുന്നുവെന്ന ആരോപണം പച്ചക്കള്ളം, മെസ്സി മാജിക് പോലെ ഫലം വരുമ്പോള്‍ ഇടതുപക്ഷം അത്ഭുത മുന്നേറ്റമുണ്ടാക്കും: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 17, 02:26 pm
Friday, 17th May 2019, 7:56 pm

ന്യൂദല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി എതിരാളികളെ ഡ്രിബിള്‍ ചെയ്ത് മുന്നേറി ഗോളടിക്കുന്നത് പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇടതുപക്ഷം അത്ഭുതം സൃഷ്ടിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു ബംഗാളി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞെട്ടിക്കുന്ന ഫലവുമായി ഇടതുപക്ഷം വരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. എതിരാളികളെ ഡ്രിബിള്‍ ചെയ്ത് ഗോളടിക്കുന്ന മെസ്സിയെ പോലെയായിരിക്കും ഇടതുപക്ഷത്തിന്റെ പെര്‍ഫോമന്‍സ്’ യെച്ചൂരി പറഞ്ഞു.

ബംഗാളില്‍ ഇടതുപക്ഷം ബി.ജെ.പിയെ സഹായിക്കുന്നുണ്ടെന്ന ആരോപണത്തെയും യെച്ചൂരി തള്ളിക്കളയുന്നു. തൃണമൂലും ബി.ജെ.പിയും പ്രചരിപ്പിക്കുന്ന നുണയാണിതെന്നും ബംഗാളില്‍ തൃണമൂലും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിതെന്നും യെച്ചൂരി പറഞ്ഞു.

തൃണമൂലിനെതിരായി ഇടതുപക്ഷം ബി.ജെ.പിയ്ക്ക് വോട്ടുമറിയ്ക്കുന്നുവെന്ന് മമതാ ബാനര്‍ജിയാണ് ആരോപണം ഉന്നയിച്ചിരുന്നത്. ഈ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 1998ല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് തൃണമൂലാണെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു.