ന്യൂദല്‍ഹി: എച്ച്.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ണാടകയിലെ പരാജയം അംഗീകരിക്കാന്‍ ബിജെ.പി അധ്യക്ഷന്‍ അമിത് ഷാ തയ്യാറാകണമെന്നും യെച്ചൂരി പറഞ്ഞു.
ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് യെച്ചൂരിയോട് ഫോണില്‍ വിളിച്ച് കുമാരസ്വാമി അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ക്ഷണിക്കാനായി കുമാരസ്വാമി ദല്‍ഹി കര്‍ണാടക ഭവനിലെത്തിയിട്ടുണ്ട്.
നേരത്തെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു പങ്കെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അരവിന്ദ് കെജ്‌രിവാള്‍, മമതാ ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്‍, ചന്ദ്രശേഖര റാവു തുടങ്ങിയവരെയും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
കുമാരസ്വാമി ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. തിങ്കളാഴ്ച്ച രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ് സത്യപ്രതിജ്ഞ മാറ്റിവച്ചിരിക്കുന്നത്.
WATCH THIS VIDEO: