ലഖ്‌നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ ലഖ്‌നൗവില്‍ നടത്തിയ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകരും അനുയായികളും.
യുവ കുംഭ് പരിപാടിയുമായി ബന്ധപ്പെട്ട് ലഖ്‌നൗവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കവേ പൊടുന്നനേയായിരുന്നു വേദിയില്‍ നിന്നും ചില പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയത്.
രാമക്ഷേത്രം നിര്‍മിക്കുന്ന പാര്‍ട്ടിക്ക് മാത്രമേ ഞങ്ങള്‍ വോട്ടു ചെയ്യൂ എന്ന് പറഞ്ഞായിരുന്നു ചിലര്‍ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റത്.
ഇതോടെ പരിപാടിയുടെ സംഘാടകര്‍ രംഗത്തെത്തുകയും പ്രവര്‍ത്തകരോട് നിശബ്ദരായി ഇരുന്ന് മന്ത്രി പറയുന്നത് കേള്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
നിങ്ങള്‍ നിശബ്ദരായാല്‍ മാത്രം ഞാന്‍ സംസാരം തുടരാം എന്ന് രാജ്‌നാഥ് സിങ്ങും നിലപാടെടുത്തു. ഇതിന് പിന്നാലെ ഇദ്ദേഹം സംസാരം തുടങ്ങിയെങ്കിലും രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് ഒന്നും തന്നെ പ്രസംഗത്തില്‍ പ്രതിപാദിച്ചില്ല.
രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ടു പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്കു മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാകൂവെന്നായിരുന്നു യുവ കുംഭ് പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് യോഗി പറഞ്ഞത്.
രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉറപ്പു നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കേ വോട്ടു ചെയ്യൂവെന്നാണ് ജനങ്ങളില്‍ ചിലര്‍ പറയുന്നത്. അതെപ്പോള്‍ സംഭവിച്ചാലും ഞങ്ങള്‍ക്കു (ബി.ജെ.പി) മാത്രമേ ക്ഷേത്രം നിര്‍മിക്കാനാകൂ. മറ്റാര്‍ക്കും അതിനു സാധിക്കില്ല” – എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.