കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനവും ഡിജിറ്റല്‍ മീഡിയ ഉപയോഗവും കുട്ടികളെ ബാധിക്കുമോ? റിപ്പോര്‍ട്ട് ഇങ്ങനെ
Kerala News
കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനവും ഡിജിറ്റല്‍ മീഡിയ ഉപയോഗവും കുട്ടികളെ ബാധിക്കുമോ? റിപ്പോര്‍ട്ട് ഇങ്ങനെ
കവിത രേണുക
Saturday, 12th September 2020, 6:23 pm

കൊവിഡ് കാലമായതോടെ കുട്ടികളുടെ ജീവിത രീതിയില്‍ വലിയ തരത്തിലുള്ള മാറ്റങ്ങളുണ്ടായെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കളിക്കാനായി പുറത്തിറങ്ങാന്‍ പോലും കഴിയായതോടെ കുട്ടികളുടെ നിത്യ ജീവിതത്തില്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗം വര്‍ധിച്ചതായാണ് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. ഓണ്‍ലൈന്‍ പഠനവും ഇതിനെ സാധൂകരിക്കുന്നുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ ഒന്ന് മുതലാണ്. വിക്ടേഴ്‌സ് ചാനല്‍ വഴിയും വാട്ട്‌സാപ്പില്‍ ക്ലാസുകളുടെ ലിങ്കുകള്‍ അയച്ചുകൊടുത്തുമാണ് ക്ലാസുകള്‍ നടത്തുന്നത്. നിലവില്‍ കുട്ടികളുടെ സംശയം ദുരീകരിക്കുന്നത് വാട്ട്‌സാപ്പിലൂടെ ശബ്ദ സന്ദേശം അയച്ചും അധ്യാപകരെ വിളിച്ചുമൊക്കെയാണ്.

എന്നാല്‍ അനിയന്ത്രിതവും അനാരോഗ്യകരവുമായ ഡിജിറ്റല്‍ മീഡിയ ഉപയോഗം കുട്ടികളില്‍ പലതരത്തിലുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) പുറത്തിറിക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓണ്‍ലൈന്‍ പഠനം

മുതിര്‍ന്ന ആളുകളുടെ സ്വയം പഠനത്തിന്റെ ഒരു സംവിധാനം എന്ന നിലയ്ക്കാണ് ഓണ്‍ലൈന്‍ പഠനം പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്ന് ഇംഹാന്‍സ് ഡൂള്‍ന്യൂസുമായി പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ പഠനം ഒരു പ്രധാന ബോധന മാധ്യമമായി ഉപയോഗിക്കുകയാണെങ്കില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെയുള്ള പഠനം പരമാവധി ഒഴിവാക്കാവുന്നതാണ്. അഥവാ അങ്ങനെ ചെയ്യണമെന്നുണ്ടെങ്കില്‍ അത്യാവശ്യമെന്ന് തോന്നുന്ന പരിമിതമായ ചില മേഖലകളിലേക്ക് ഓണ്‍ലൈന്‍ പഠനം ചുരുക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് പ്രശ്‌നങ്ങള്‍?

പഠനം ഓണ്‍ലൈനിലേക്ക് മാറുന്നതോടു കൂടി ശാരീരികമായും മാനസികമായും കുട്ടികളില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് ഇംഹാന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുട്ടികളുടെ സമയം കൂടുതലും ദൃശ്യമാധ്യമങ്ങളുടെയോ മൊബൈലിന്റെയോ മുന്നിലാകുമ്പോള്‍ ഭക്ഷണ ക്രമവും അതിന്റെ ഭാഗമായി ക്രമീകരിക്കപ്പെടും. അത് അമിത വണ്ണത്തിലേക്ക് കുട്ടികളെ നയിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിജിറ്റല്‍ മീഡിയയുടെ മുന്നില്‍ ചെറു പ്രായത്തില്‍ തന്നെ ചെലവഴിക്കുന്നത് കുട്ടികളുടെ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് കാലമായതിനാല്‍ കുട്ടികളുടെ ഡിജിറ്റല്‍ മീഡിയ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. ഇത് പ്രധാനമായും അവരുടെ ഉറക്കം, കാഴ്ച ശക്തി എന്നിവയെയാണ് ബാധിക്കുക.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഡിജിറ്റല്‍ മീഡിയയുടെ ഉപയോഗം മിക്കപ്പോഴും ദോഷ ഫലങ്ങളാണ് ഉണ്ടാക്കുക. അതേസമയം രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള പ്രീ സ്‌കൂള്‍ കുട്ടികളില്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗത്തിന് ഗുണവും ദോഷവുമുണ്ടാകാം.

ഈ പ്രായപരിധിയില്‍ പെടുന്ന കുട്ടികള്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗം അധ്യയനപരമായ കാര്യങ്ങള്‍ക്കാണെങ്കില്‍ അത് അവരുടെ ബുദ്ധി വികാസത്തെ ഗുണകരമായാണ് സ്വാധീനിക്കുക. എന്നാല്‍ അനാരോഗ്യകരമായ രീതിയില്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗം കുട്ടികളുടെ ബുദ്ധി വികാസത്തെ പ്രതികൂലമായായിരിക്കും ബാധിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവിധ പ്രതികരണങ്ങള്‍

കൊവിഡ് കാലത്തെ ഡിജിറ്റല്‍ മീഡിയ ഉപയോഗവും ഓണ്‍ലൈന്‍ പഠനവും കുട്ടികളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് ശരിവെക്കുന്നതാണ് രക്ഷിതാക്കളുടെ അഭിപ്രായവും. ഓണ്‍ലൈന്‍ പഠനം കുറച്ച് നേരമാണെങ്കിലും കുട്ടികള്‍ക്ക് പലപ്പോഴും പല ക്ലാസുകളും മനസിലാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. പ്രീ പ്രൈമറി കുട്ടികളില്‍ കുറഞ്ഞ സമയമാണ് ഓണ്‍ലൈന്‍ ക്ലാസുകളെങ്കിലും കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ഇരുന്ന് ക്ലാസ് കേള്‍ക്കേണ്ടി വരുന്ന സാഹചര്യമാണ്. ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ക്കാണ് കൂടുതലും ബുദ്ധിമുട്ട് നേരിടേണ്ടി വരികയെന്നും പ്രീ പ്രൈമറി ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ അമ്മ ഐശ്വര്യ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഞാന്‍ വീട്ടില്‍ തന്നെയായത് കൊണ്ട് കുട്ടിയെ നോക്കാന്‍ ബുദ്ധിമുട്ടില്ല. ഒരു ദിവസം 45 മിനുട്ടാണ് ഓണ്‍ലൈന്‍ ക്ലാസ്. പക്ഷെ അത്രയും സമയം തന്നെ കുട്ടികള്‍ ബുദ്ധിമുട്ടിയാണ് ഇരിക്കുന്നത്. അവര്‍ക്ക് അത് എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞ് കിട്ടിയാല്‍ മതിയെന്നാകും ആഗ്രഹം. കൂടുതലും ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത് ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ക്കായിരിക്കും. കുഞ്ഞിനെ ഒപ്പമിരുന്ന് ഗൈഡ് ചെയ്യാന്‍ സാധിക്കില്ല.
നിലവില്‍ സ്‌കൂള്‍ അധ്യാപികര്‍ ഒപ്പമില്ലാത്ത സാഹചര്യത്തില്‍ നമ്മള്‍ തന്നെ കൂടെയിരിക്കേണ്ട സാഹചര്യമാണല്ലോ. കുട്ടികളേക്കാള്‍ കൂടുതല്‍ രക്ഷിതാക്കളാണ് ക്ലാസ് കേള്‍ക്കേണ്ടി വരിക,’ ഐശ്വര്യ പറഞ്ഞു.

മറ്റൊരു തലത്തില്‍ ഓണ്‍ലൈന്‍ പഠനം കാര്യമായി ബാധിക്കുക ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. പലപ്പോഴും സ്‌കൂളില്‍ പോയി ക്ലാസ് കേള്‍ക്കുന്നത് പോലെയല്ല ഓണ്‍ലൈന്‍ പഠനമെന്ന് പറയുകയാണ് പത്താം ക്ലാസുകാരി ദേവാംഗന.

‘ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രധാനമായും സ്‌കൂളില്‍ ചെന്നിരിക്കുന്നത് പോലെയല്ല. നോട്ട്‌സുകള്‍ കിട്ടുന്നില്ല പലപ്പോഴും. വിചാരിച്ചപോലെ ക്ലാസുകള്‍ എഴുതിയെടുക്കാനും പറ്റാറില്ല. ഒന്നര മണിക്കൂര്‍ ആണ് ക്ലാസ് കിട്ടുന്നത്. അതില്‍ അന്നേദിവസത്തെ ക്ലാസില്‍ ഉണ്ടായ സംശയങ്ങള്‍ ചോദിക്കാന്‍ കഴിയുന്നത് രാത്രി വാട്ട്‌സാപ്പില്‍ വോയിസ് മെസേജ് അയച്ചിട്ടാണ്. ചില ക്ലാസുകള്‍ എടുക്കുന്നതും അത്ര വ്യക്തമായി തോന്നാറില്ല. മൂന്ന് വിഷയങ്ങളേ ഒരു ദിവസം പഠിപ്പിക്കുന്നുള്ളുവെങ്കിലും പലപ്പോഴും ടീച്ചറെ കണ്ട് സംശയങ്ങള്‍ നേരിട്ട് ചോദിച്ച് മനസിലാക്കാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടാണ്,’ ദേവാംഗന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളിലും ചെറിയ കുട്ടികളെക്കാള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ ബുദ്ധിമുട്ട് നേരിടുന്നത് ഹൈസ്‌കൂള്‍ കുട്ടികള്‍ തന്നെയാണെന്ന് വയനാട് നെല്ലിക്കുന്ന് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ഹൈസ്‌കൂള്‍ കുട്ടികളില്‍ പലരും ഓണ്‍ലൈന്‍ ക്ലാസ് ബുദ്ധിമുട്ടാണെന്ന് നേരിട്ട് പറയുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

‘ആദിവാസി മേഖലയിലും ഹൈസ്‌കൂള്‍ കുട്ടികളില്‍ പലര്‍ക്കും ഓണ്‍ലൈനായുള്ള, അല്ലെങ്കില്‍ ടിവിയിലൂടെയുള്ള ക്ലാസുകള്‍ ബുദ്ധിമുട്ടാണ്. പല കുട്ടികളും ഇത് നേരിട്ട് പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്ക് ക്ലാസ് കേട്ടിരിക്കാന്‍ കഴിയുമായിരിക്കും. പക്ഷെ പലപ്പോഴും സംശയം ചോദിച്ച് മനസിലാക്കാനും മറ്റും ഇവര്‍ക്ക് പറ്റുന്നില്ല. ഭാഷാപരമായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതിനാല്‍ ടി. വിയിലൂടെ കിട്ടുന്ന ക്ലാസുകള്‍ പലപ്പോഴും ആ അര്‍ത്ഥത്തില്‍ കുട്ടികളിലേക്കെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം,’ അധ്യാപിക പറഞ്ഞു.

കൊവിഡ് കാലമായതോടെ കുട്ടികളുടെ മൊത്തം ജീവിത രീതിയില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് അഞ്ചു എന്ന രക്ഷിതാവ് പറയുന്നത്. കുട്ടികള്‍ അധികവും മൊബൈലില്‍ കളിക്കുന്ന സ്ഥിതിയുണ്ടാവുന്നെന്നും ഇത് അവരുടെ ഭക്ഷണ ക്രമത്തെയും അവരുടെ മൊത്തം സാഹചര്യങ്ങളെയും ബാധിക്കുന്നതായും അഞ്ചു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

കുട്ടികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ മാര്‍ഗ നിര്‍ദേശങ്ങളും ഇംഹാന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ പാഠങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ ലഭ്യമാകുന്ന രീതിയില്‍ ക്രമീകരിക്കണം. നിശ്ചിത സമയത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി റെക്കോര്‍ഡ് ചെയ്ത് അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപകര്‍ക്കായുള്ള നിര്‍ദേശത്തില്‍ പറയുന്നു.

ടി.വി മൊബൈല്‍ ഫോണ്‍ കംപ്യൂട്ടര്‍ സീഡി എന്ന വഴി ക്ലാസുകള്‍ ലഭ്യമാക്കുന്നതിലൂടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത കുട്ടികള്‍ക്കും പഠനം തുടരാന്‍ സാധിക്കും. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സംവദിച്ചു കൊണ്ട് പഠിക്കാന്‍ സാധിക്കുന്ന വണ്ണം ക്ലാസ് ക്രമീകരിക്കണം.

വാട്‌സാപ്പ് ഗ്രൂപ്പ് മുതലായ പൊതു ഇടങ്ങളില്‍ കുട്ടികളുടെ അസൈന്‍മെന്റ്‌സ്, ഹോം വര്‍ക്ക് എന്നിവ ചര്‍ച്ച ചെയ്യരുത്. അത് കുട്ടികളും രക്ഷിതാക്കളും തമ്മില്‍ അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് കാരണമാകും. ഗൃഹപാഠങ്ങള്‍ പരമാവധി കുറക്കണം. 30-40 മിനുട്ട് അപ്പുറത്തേക്ക് ക്ലാസുകള്‍ നീങ്ങേണ്ടതില്ല എന്നും അധ്യാപകര്‍ക്കായുള്ള നിര്‍ദേശത്തില്‍ പറയുന്നു.

കുട്ടികള്‍ക്കുള്ള പഠന ക്ലാസുകളില്‍ രക്ഷിതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് രക്ഷിതാക്കുള്ള നിര്‍ദേശത്തില്‍ പറയുന്നത്. കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക, കുട്ടികള്‍ക്ക് സ്വയം പഠിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കണം, ദൃശ്യമാധ്യമ ഉപയോഗം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം കുട്ടിയുമായി ചര്‍ച്ച ചെയ്ത് പ്ലാന്‍ തയ്യാറാക്കണം, കുടുംബത്തിലെ ചില ഉത്തരവാദിത്തങ്ങളും ചെറിയ ജോലികളും കുട്ടികളെ ഏല്‍പ്പിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഓണ്‍ലൈന്‍ പഠനവുമായി പൊരുത്തപ്പെട്ട് പോകാന്‍ പറ്റുന്നില്ലെങ്കില്‍ അതില്‍ വിഷമിക്കേണ്ടതില്ലെന്നും പ്രശ്‌നങ്ങള്‍ കുടുംബങ്ങളോടോ അധ്യാപകരോടോ പങ്കുവെക്കണമെന്നും കുട്ടികളോടുള്ള നിര്‍ദേശത്തില്‍ ഇംഹാന്‍സ് പറയുന്നു.

തുടര്‍ച്ചയായി മൊബൈല്‍/ ടിവി/ കമ്പ്യൂട്ടര്‍ എന്നിവയുടെ സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കണമെന്നും നിലവിലെ സാഹചര്യം മാറി പെട്ടെന്ന് തന്നെ സ്‌കൂളില്‍ പോകാന്‍ പറ്റുമെന്ന പ്രതീക്ഷ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്തംബര്‍ 21 മുതലാണ് രാജ്യത്ത് കൊവിഡ് അണ്‍ലോക്ക് നാലാംഘട്ടം നിലവില്‍ വരുന്നത്. ഇതിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടതിന്റെ ഭാഗമായി ഒന്‍പതാം ക്ലാസുമുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാമെന്ന് നിര്‍ദേശമുണ്ട്. ഈ നിര്‍ദേശത്തോട് സമ്മിശ്ര പ്രതികരണമാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുണ്ടാവുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വ്യക്തമായി ഇതിനോട് പ്രതികരിച്ചിട്ടുമില്ല.

കൊവിഡ് രോഗികള്‍ ദിനം പ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സാധാരണ ഗതിയില്‍ ക്ലാസ് റൂമുകളിലെത്തിക്കൊണ്ടുള്ള പഠനം സാധ്യമാവുകയില്ല. അത്തരമൊരു ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം തുടരാനാണ് സാധ്യത എന്നിരിക്കെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഇനിയും നേരിടേണ്ടി വന്നേക്കാം എന്നും റിപ്പോര്‍ട്ടില്‍ ഓര്‍മപ്പെടുത്തുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will online learning and digital media use in the Covid era affect children? The report reads as follows

കവിത രേണുക
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ