റിയാദ്: കപ്പലുകൾക്ക് നേരെയുള്ള ഹൂത്തി ആക്രമണത്തെ തുടർന്ന് ചെങ്കടലിലൂടെയുള്ള ചരക്ക് ഗതാഗതം ഷിപ്പിങ് കമ്പനികൾ നിർത്തിവെച്ചതിന് പിന്നാലെ അന്താരാഷ്ട്ര എണ്ണ വിപണിയെ ബാധിക്കുമെന്ന് ആശങ്ക.
ആഗോളതലത്തിൽ നാലിലൊന്ന് കപ്പലുകളും പ്രവർത്തിപ്പിക്കുന്ന ഡാനിഷ് ചരക്ക് ഭീമന്മാരായ മെഴ്‌സ്കും ജർമൻ ഷിപ്പിങ് കമ്പനിയായ ഹപാഗ്-ലോയിഡുമാണ് ചെങ്കടലിലൂടെയുള്ള യാത്രകൾ താത്കാലികമായി നിർത്തിവച്ചത്.
ചെങ്കടലിലെ ആക്രമണങ്ങൾ വിപണിയിലും പ്രതിഫലിക്കുന്നുണ്ടെന്നും ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം അവസാനിച്ചത് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടിയ നിരക്കിലാണെന്നും എനർജി ഇൻഫർമേഷൻ കമ്പനിയായ എനർജി ഇന്റലിജൻസിലെ അനലിസ്റ്റ് കോൽബി കോനലി പറഞ്ഞു.
കഴിഞ്ഞ വാരം ഇസ്രഈൽ തുറമുഖത്തേക്ക് പോകുകയായിരുന്ന നോർവീജിയൻ കപ്പലിനെതിരെ ഹൂത്തികളുടെ മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ഒക്ടോബർ ഏഴിന് ശേഷം ബാബ് അൽ മന്ദബ് കടലിടുക്കിൽ എട്ട് കപ്പലുകളെയെങ്കിലും ഹൂത്തികൾ ആക്രമിച്ചിരുന്നു.
അന്താരാഷ്ട്ര വ്യാപാരത്തിൽ കടൽ മാർഗം എണ്ണ കടത്തുന്ന സുപ്രധാന പാതയാണ് ബാബ് അൽ മന്ദബ്.
നേരത്തെ ഇസ്രഈൽ ഉടമസ്ഥതയിലുള്ള ഗ്യാലക്സി ലീഡർ എന്ന കപ്പൽ ഹൂത്തികൾ പിടിച്ചെടുക്കുകയും പിന്നീട് ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുകയും ചെയ്തിരുന്നു. ഗസയിലേക്ക് മരുന്നുകളും ഭക്ഷണവും ഉൾപ്പെടെയുള്ള മാനുഷിക സഹായം ലഭിക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്.
നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായാൽ കാർഗോകൾ ആഫ്രിക്കയിലേക്ക് വഴിതിരിച്ച് വിടുമെന്നും വില വർധിപ്പിക്കാൻ സമ്മർദമുണ്ടാകുമെന്നും അറ്റ്ലാന്റിക് കൗൺസിലിന്റെ ഗ്ലോബൽ എനർജി സെന്റർ ഉദ്യോഗസ്ഥൻ പോൾ സള്ളിവൻ പറഞ്ഞു.
‘നിലവിലെ സാഹചര്യത്തിൽ സംശയമാണ്. എന്നാൽ പ്രദേശത്തെ സാഹചര്യം രൂക്ഷമായാൽ എന്തും സംഭവിക്കാം.
സ്ഥിതി മോശമായാൽ എല്ലാ കാർഗോകളും ആഫ്രിക്കയിലേക്ക് വഴിതിരിച്ച് വിടും. ഇത് എണ്ണയും എൽ.എൻ.ജിയും ഉൾപ്പെടെയുള്ള വിവിധ കരാറുകൾ പുനക്രമീകരിക്കാൻ കാരണമാകും. വില വർധിപ്പിക്കാൻ സമ്മർദമുണ്ടാകും,’ സള്ളിവൻ പറഞ്ഞു.
Content Highlight: Will oil prices rise after Red Sea shipping curbs amid Houthi attacks?