| Wednesday, 31st October 2018, 10:51 am

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്;കേസ് പിന്‍വലിക്കില്ലെന്ന് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഹൈക്കോടതിയിലാണ് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.

പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ അന്തരിച്ച സാഹചര്യത്തില്‍ കേസ് തുടരണോ വേണ്ടയോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി നേരത്തെ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.

ഇതൊരു തെരഞ്ഞെടുപ്പ് കേസാണെന്നും ചട്ടം പ്രകാരം ഹരജിക്കാരന് തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതിന് പിന്നാലെ അബ്ദുള്‍ റസാഖിന്റെ മരണം ഗസറ്റില്‍ രേഖപ്പെടുത്താന്‍ കോടതി തീരുമാനിച്ചു. പി.ബി അബ്ദുള്‍ റസാഖിനെ പോലെ ഹരജിയെ എതിര്‍ക്കാന്‍ ആര്‍ക്കെങ്കിലും താത്പരപ്യമുണ്ടോയെന്ന് ആരായാനും കോടതി തീരുമാനിച്ചു.


പട്ടേല്‍ പ്രതിമ അനാച്ഛാദനം; പ്രതിഷേധം ഭയന്ന് ട്രൈബല്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു


അബ്ദുള്‍റസാഖ് മരണപ്പെട്ടതുകൊണ്ട് തന്നെ ഇനി ഇനി അദ്ദേഹത്തെ കേള്‍ക്കാന്‍ കോടതിക്ക് കഴിയില്ല. ഹരജിയെ എതിര്‍ത്ത് ആരെങ്കിലും വന്നാല്‍ അവരുടെ ഭാഗം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.

ഗസറ്റ് വിജ്ഞാപനത്തിന് ശേഷം ലഭ്യമാകുന്ന മറുപടി കൂടി പരിഗണിച്ചശേഷമാകും ഇനി കേസ് പരിഗണിക്കുക. ഡിസംബര്‍ മാസം 3 ാം തിയതി കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

സാക്ഷികളെ തടഞ്ഞുവെച്ചും നോട്ടീസ് നല്‍കാന്‍ പോലും സമ്മതിക്കാതെയും കേസ് നീട്ടിക്കൊണ്ടുപോകാനാണ് യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കേസില്‍ അനുകൂലമായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എം.എല്‍.എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് കെ. സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു.

മുസ്‌ലീം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹരജി. 89 വോട്ടിനാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ 259 പേര്‍ കള്ളവോട്ടു ചെയ്തു എന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട്. .അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തിലാണ് സുരേന്ദ്രന്റെ ഹരജി അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more