ന്യൂ ദല്‍ഹി: തന്ത്രിക്കെതിരായ കോടതി അലക്ഷ്യ കേസ് ഉടന്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ശബരിമല വിഷയത്തിലെ കേസുകള്‍ അടിയന്തിരമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും 22ന് പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ഭരണഘടനാ ബെഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുന:സംഘടിപ്പിക്കാനും ആകില്ല എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയത് കോടതിയലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു. യുവതീ പ്രവേശനം ഉണ്ടായാല്‍ നട അടക്കുമെന്ന് പറഞ്ഞതിന് തന്ത്രി കണ്ഠരര് രാജീവര്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തുടങ്ങി അഞ്ചു പേര്‍ക്കെതിരെ നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലാണ്.
ഈ ഹരജി നല്‍കിയ അഡ്വ ഗീനാകുമാരി, എവി വര്‍ഷ എന്നിവരുടെ അഭിഭാഷകര്‍ തന്ത്രിയുടെ ഇന്നലത്തെ നടപടികള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തില്‍ നട അടച്ചിടാന്‍ തന്ത്രി തീരുമാനിക്കുകയായിരുന്നു. മേല്‍ശാന്തിമാരും തന്ത്രിമാരും കൂടിയാലോചനകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
തീരുമാനത്തിനു പിന്നാലെ മേല്‍ശാന്തി ശബരിമല നട അടച്ചിരുന്നു. നെയ്യഭിഷേകം നിര്‍ത്തിവെച്ചു. ദര്‍ശനത്തിനായെത്തിയ ഭക്തരെ ക്ഷേത്രത്തിനു മുമ്പില്‍ നിന്ന് മാറ്റുകയും ചെയ്തു.