ന്യൂദൽഹി: നീതി നടപ്പിലായെന്ന് ഉറപ്പായാൽ മാത്രമേ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കൂ എന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ.
പുതിയ ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തതിനു പിന്നാലെയായിരുന്നു ബജരംഗ് പൂനിയയുടെ പ്രതികരണം.
‘ ഞാൻ പത്മശ്രീ തിരിച്ചെടുക്കില്ല. നീതി നടപ്പിൽ ആയതിനുശേഷം മാത്രമേ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കൂ,’ ബജരംഗ് പൂനിയയെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ബ്രിജ് ഭൂഷൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
അടുത്ത ദിവസം പത്മശ്രീ പുരസ്‌കാരം തിരിച്ചുനൽകുകയാണെന്ന് അറിയിച്ച് ബജ്റംഗ് പൂനിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും അദ്ദേഹത്തിന്റെ ഓഫീസിന് പുറത്ത് പുരസ്‌കാരം ഉപേക്ഷിക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്റെ ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തത്. ലൈംഗികാതിക്രമ കേസിൽ പ്രതിയായ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൻ സിങ്ങിന്റെ അനുയായികളെ ഭരണസമിതി ചുമതല ഏൽപ്പിക്കില്ലെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ലെന്ന് സാക്ഷി മാലിക് ആരോപിച്ചിരുന്നു.
അതേസമയം സസ്പെൻഷൻ പിൻവലിക്കുന്നതിന് ഭരണസമിതി അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്നും സർക്കാരുമായുള്ള ചർച്ച അനുകൂലമായില്ലെങ്കിൽ നിയമനടപടികളിലേക്ക് പോകുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ നിയമലംഘനങ്ങൾ നടത്തിയിട്ടില്ല എന്നും വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സഞ്ജയ് സിങ് പറഞ്ഞു.
Content Highlight: ‘Will not take back until justice served’: Bajrang Punia on his Padma Shri after WFI suspension