[]കൊച്ചി: ദന്തല്‍ മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം ക്ലാസ് നടത്തില്ലെന്ന് മെഡിക്കല്‍ ദന്തല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പറഞ്ഞു. സീറ്റുകളിലേക്ക് ആവശ്യത്തിന് കുട്ടികളെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അസോസിയേഷന്റെ ഈ തീരുമാനം.
ദന്തല്‍ മെഡിക്കല്‍ കോളജുകളില്‍ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാരും ബാക്കി 50 ശതമാനത്തില്‍ മനേജ്‌മെന്റുമായിരുന്നു പ്രവേശനം നടത്തേണ്ടിയിരുന്നത്. മനേജ്‌മെന്റ് നടത്തുന്ന പ്രവേശനം ജയിംസ് കമ്മിറ്റി നടത്തുന്ന പ്രവേശന പ്രതീക്ഷയുടെ അടിസ്ഥാനത്തിലും ആയിരുന്നു.
760 വിദ്യാര്‍ത്ഥികള്‍ ജെയിംസ് കമ്മിറ്റി പ്രവേശന പരീക്ഷയെഴുതിയിരുന്നെങ്കിലും 163 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്രവേശന പരീക്ഷയില്‍ പാസായിട്ടുള്ളത്.
ജെയിംസ് കമ്മിറ്റിക്ക് വേണ്ടത്ര കുട്ടികളെ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന് മാനജ്‌മെന്റ് അസോസിയേഷന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെടും. പ്ലസ് ടു മാര്‍ക്കിന്റെയും എന്‍ട്രന്‍സിന്റെയും അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നും മാനേജ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെടും.
സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നേടിയ കുട്ടികളെ മാത്രം 43000 രൂപ ഫീസില്‍ പഠിപ്പിക്കുന്നത് ലാഭകരമല്ലെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ പറയുന്നത്.
12 കോളജുകളില്‍ ഈ വര്‍ഷം അധ്യായനം മുടങ്ങും. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം എടുക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.