|

ആ നുണയന് ആര് മറുപടി കൊടുക്കാനാണ്; കുമാര സ്വാമിക്കുള്ള ഉത്തരം കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കള്‍ നല്‍കുമെന്ന് സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ജെ.ഡി.എസ് നേതാവ് കുമാര സ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.

സിദ്ധരാമയ്യ കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കളെ അടിച്ചമര്‍ത്തുന്ന ടെര്‍മിനേറ്റര്‍ ആണെന്ന കുമാര സ്വാമിയുടെ ആരോപണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്ക് ഒരാളുടേയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലെന്നും കുമാര സ്വാമിക്ക് മറുപടികൊടുക്കേണ്ട കാര്യമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

കുമാര സ്വാമി നുണയനാണെന്നും അദ്ദേഹത്തിനുള്ള മറുപടി കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കള്‍ നല്‍കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

”ഞങ്ങളുടെ മതേതര യോഗ്യത തെളിയിക്കാന്‍ ഞങ്ങള്‍ക്ക് ആരില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

എനിക്ക് കുമാര സ്വാമിയോട് ഉത്തരം പറയേണ്ടതില്ല, നമ്മുടെ മുസ്‌ലിം നേതാക്കള്‍ അദ്ദേഹത്തോട് പ്രതികരിക്കും,” അദ്ദേഹം പറഞ്ഞു.

നേരത്തെയും സിദ്ധരാമയ്യക്കെതിരെ കുമാര സ്വാമി രംഗത്തെത്തിയിരുന്നു.
സിദ്ധരാമയ്യയുമായി ബി.ജെ.പി നേതാവ് യെദിയൂരപ്പ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം.

എന്നാല്‍, ആരോപണം തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

വ്യക്തിപരമായി ഇന്നുവരെ താന്‍ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

വ്യക്തിപരമായോ പ്രതിപക്ഷ നേതാവ് എന്ന നിലയിലോ താന്‍ യെദിയൂരപ്പയെ കണ്ടിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Will not respond to ‘liar’ Kumaraswamy, says Siddaramaiah