|

സ്വയം രാജിവെക്കില്ല; കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ അതൃപ്തി അറിയിച്ച് മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ. എം. എബ്രഹാം.

കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെ.എം. എബ്രഹാം പറഞ്ഞെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയിൽ കെ.എം. എബ്രഹാം നിലപാട് വ്യക്തമാക്കിയത്. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ ഭയക്കുന്നില്ലെന്നും നേരിടുമെന്നും കെ.എം. എബ്രഹാം വ്യക്തമാക്കി.

ഹരജിക്കാരന് തന്നോട് ദേഷ്യമുണ്ടെന്നും ഹരജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ധനസെക്രട്ടറിയായിരിക്കെ ഹരജിക്കാരൻ കൊച്ചിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയെന്നും അതിനാലാണ് തന്നോട് ദേഷ്യമെന്നും കെ.എം എബ്രഹാം ആരോപിച്ചു.

പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കലിനെതിരെയാണ് കെ.എം. എബ്രഹാം രംഗത്തെത്തിയത്. ഹരജിക്കാരനെതിരെ അന്നത്തെ സംഭവത്തിൽ പിഴ ചുമത്തിയതിന്‍റെ വൈരാഗ്യമാണ് ഇപ്പോൾ തന്നോട് തീർക്കുന്നതെന്നും, ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താൻ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനത്തിന്‍റെ മേധാവിയും ഹരജിക്കാരനൊപ്പം ചേർന്നുവെന്നും കെ.എം എബ്രഹാം ആരോപിച്ചു.

കോടതി വിധി ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ കെ.എം. എബ്രഹാം സ്വത്തിന്‍റെ കാര്യത്തിൽ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചോയെന്ന് സംശയമുണ്ടെന്നും പറഞ്ഞു. കോടതി വസ്തുതകളും രേഖകളും പരിശോധിച്ചില്ലെന്നും അനുമാനങ്ങള്‍ക്ക് പ്രധാന്യം നൽകിയെന്നും ഭാര്യയുടെ അക്കൗണ്ടിലെ മുഴുവൻ രേഖകളും പരിശോധിച്ചില്ലെന്നും ഓരോ രൂപക്കും കണക്കുണ്ടെന്നും, കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നുമാണ് കെ.എം അബ്രഹാമിന്റെ വാദം.

കോടതിയുടെ വിധി താൻ നേരത്തെ പിഴയിട്ട ജോമോൻ പുത്തൻപുരക്കലിന് വിസിൽ ബ്ലോവർ എന്ന പരിവേഷം നൽകുമെന്നും കെ.എം എബ്രഹാം പറഞ്ഞു. മുൻ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസും തന്നെ ഇപ്പോൾ വിമർശിക്കുകയാണ്. ജേക്കബ് തോമസ് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന സമയത്ത് ൨൦ കോടിയുടെ പർച്ചേസിലെ ക്രമക്കേടുകൾ കണ്ടത്തിയതായും തന്റെ കാലത്ത് തെളിഞ്ഞിരുന്നു. ഇവരെല്ലാം ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും എബ്രഹാം പറഞ്ഞു.

Content Highlight: Will not resign on his own; KIIFB CEO KM Abraham clarifies stance on court verdict

Video Stories