| Tuesday, 22nd September 2020, 4:14 pm

മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ല, സി.എച്ചാണ് മാതൃക; പി. ജയരാജനെ പിന്തുണച്ച് എം.വി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്ന സി.പി.ഐ.എം നേതാവ് പി ജയരാജന്റെ പ്രസ്താവനയെ പിന്തുണച്ച് എം വി ജയരാജന്‍.

മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ലെന്നായിരുന്നു എം.വി ജയരാജന്റെ പ്രതികരണം. സി.എച്ച് കണാരന്‍ ആണ് ഇതിന് മാതൃകയെന്നും പാര്‍ട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് കണാരനെന്നും എം. വി ജയരാന്‍ പറഞ്ഞു.

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്നായിരുന്നു പി. ജയരാജന്‍ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞത്. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോടിയേരി ബാലകൃഷണന്‍, ഇ.പി ജയരാജന്‍ എന്നിവരുടെ മക്കള്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജയരാജന്റെ മറുപടി.

‘പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ല. അത്തരം ഇടപെടലുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മകന്‍ ഏതെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന്‍ തന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.’ പി. ജയരാജന്‍ പറഞ്ഞു.

പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാര്‍ട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്തമുള്ളുവെന്നും ഇനി ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൂരിലെ പ്രമുഖ നേതാവായ ജയരാജന്റെ മക്കള്‍ വിവാദങ്ങളിലൊന്നും പെടാതെ ജാഗ്രത കാണിക്കുന്നത് പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സി.പി.ഐ.എം നേതാക്കളെ രണ്ട് തട്ടിലായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം ശരിയല്ലെന്നായിരുന്നു ജയരാജന്റെ മറുപടി.

‘സി.പി.ഐ.എം നേതാക്കളെ രണ്ട് തട്ടിലായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം ശരിയല്ല. കോടിയേരിയും ഇ.പി ജയരാജനും എന്റെ സീനിയര്‍ നേതാക്കളാണ്. ഞങ്ങളുടെ കുടുംബങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. നിയമവിധേയമായി ആരെങ്കിലും ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നതെന്ന് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.’ അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will not protect children if they make mistakes; MV Jayarajan supported P Jayarajan

We use cookies to give you the best possible experience. Learn more