| Saturday, 23rd March 2013, 2:40 pm

ധര്‍മരാജനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ പ്രതി ധര്‍മരാജനെ ജയിലില്‍ പോയി താന്‍ സന്ദര്‍ശിച്ചതായ ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിയ്‌ക്കെതിരായ ആരോപണം നിഷേധിക്കുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.[]

താന്‍ ധര്‍മരാജനെ കാണാന്‍ ജയിലില്‍ പോയിട്ടില്ലെന്നും അവിടെ ആരൊക്കെ പോയി എന്നത് രേഖകള്‍ പരിശോധിച്ചാല്‍ അറിയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചു സത്യം പുറത്തുകൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞാന്‍ ധര്‍മരാജനെ ജയിലില്‍ സന്ദര്‍ശിച്ചു എന്ന് പറയുന്നവര്‍ അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. ഇക്കാര്യം നിങ്ങള്‍ തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

കോട്ടയം സബ് ജയിലില്‍ കഴിയവേ ധര്‍മരാജനെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചതായി ധര്‍മരാജന്റെ സഹോദരന്‍ എസ്.എസ് സിന്‍ഹ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് സിന്‍ഹ വെളിപ്പെടുത്തിയില്ല. അക്കാര്യം ഉമ്മന്‍ചാണ്ടിയാണ് വ്യക്തമാക്കേണ്ടതെന്ന് സിന്‍ഹ പറഞ്ഞു.

കുര്യനെക്കൂടാതെ കോട്ടയത്തെ മൂന്ന് രാഷ്ട്രിയ നേതാക്കള്‍ കൂടി കേസില്‍ പ്രതികളായിരുന്നുവെന്നും ഇവര്‍ കേസില്‍നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും സിന്‍ഹ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ധനമന്ത്രി കെ.എം മാണിയുമായും ബന്ധമുള്ളവരാണ് ഇവരെന്നും ഇവര്‍ ഒരു ഇടതുപക്ഷ നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെന്നും ഇവര്‍ പണം കൊടുത്ത് പണം കൊടുത്ത് ഒഴിവായതാണെന്നും സിന്‍ഹ പറഞ്ഞു.

We use cookies to give you the best possible experience. Learn more