| Wednesday, 26th November 2014, 1:45 pm

പക്ഷിപ്പനി: കോഴികളെയും താറാവുകളെയും കൊന്നുതുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ പക്ഷികളെ കൊന്നു തുടങ്ങി. നാലംഗ സംഘത്തിനാണ് പക്ഷികളെ കൊല്ലാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനാണ് നിര്‍ദേശം.

കുട്ടനാട്ടില്‍ കര്‍ഷകരുടെ നേതൃത്വത്തിലും പക്ഷികളെ കൊല്ലുന്നത് ആരംഭിച്ചിട്ടുണ്ട്. മതിയായ സുരക്ഷാ ഉറപ്പു വരുത്താതെയാണ് കര്‍ഷകര്‍ പക്ഷികളെ കൊല്ലുന്നത്. മാസ്‌ക്കും കൈയുറകളും മാത്രമാണ് പക്ഷികളെ കൊല്ലുന്നവര്‍ക്ക് നല്‍കിയിട്ടുള്ളത്

പക്ഷികളെ കൊല്ലാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് വസ്ത്രങ്ങളും മരുന്നുകളും എത്തിച്ചതായി മുഖ്യമന്ത്രി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. രണ്ട് ലക്ഷത്തിലധികം താറാവുകളെയും കോഴികളെയും ഇന്ന് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ കൊന്നൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മാരകമായ പക്ഷിപ്പനിയാണ് കേരളത്തില്‍ കണ്ടത്തെിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഹൈലി പതോജനിക് ഏവിയന്‍ ഇഫ്‌ളുവെന്‍സ (എച്ച്.5) രാഗമാണെന്നാണ് സ്ഥിരീകരിച്ചത്. ഇതില്‍ ഏത് വകഭേദമാണെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

രോഗബാധ തടയാനും മനുഷ്യരിലേക്ക് പകരാതിരിക്കാനും ആവശ്യമായ നടപടികളെടുക്കാന്‍ തീരുമാനിച്ചതായി ഉന്നതതല യോഗത്തിനുശേഷം മന്ത്രിമാരായ കെ.പി. മോഹനനും വി.എസ്. ശിവകുമാറും അറിയിച്ചിരുന്നു. പക്ഷികളെ കൊന്നൊടുക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മാസ്‌കും കൈയുറയും ധരിച്ച് മാത്രമേ കോഴിയെ നശിപ്പിക്കുന്ന സ്ഥലത്തേക്ക് പോകാന്‍ പാടുള്ളൂവെന്നും. മുട്ടയും മാംസവും നന്നായി വേവിച്ച് മാത്രമേ കഴിക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശമുണ്ട്. മുന്‍കരുതല്‍ സംബന്ധിച്ച് തയാറാക്കിയ ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കാനും മാധ്യമങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കാനും പക്ഷിപ്പനി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രോട്ടോകോള്‍ നടപ്പാക്കാനും തീരുമാനമായി.

അതേസമയം, പക്ഷിപ്പനി പ്രതിരോധത്തിന്റെ പേരില്‍ വളര്‍ത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ എ.സി റോഡ് ഉപരോധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more