ചെന്നൈ: സനാതന ധര്‍മത്തെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് തമിഴ്‌നാട് യുവജന ക്ഷേമ കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഉദയനിധിയുടെ പ്രതികരണം. പെരിയാറും അംബേദ്കറും പറഞ്ഞതില്‍ കൂടുതല്ലെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘സനാതന ധര്‍മത്തെ കുറിച്ചുള്ള എന്റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. എന്റെ പ്രസ്താവനയില്‍ നിന്ന് ഞാന്‍ പിന്നോട്ടില്ല. അംബേദ്കറോ പെരിയാറോ പറഞ്ഞതില്‍ കൂടുതലായൊന്നും ഞാന്‍ പറഞ്ഞിട്ടില്ല,’ ഹൈക്കോടതി ജഡ്ജി ജി.ജയചന്ദ്രന്റെ നീരീക്ഷണതിന് മറുപടിയായി ഉദയനിധി പറഞ്ഞു.
പാര്‍ട്ടി സ്ഥാനങ്ങളോ സര്‍ക്കാര്‍ സ്ഥാനങ്ങളോ തനിയ്ക്ക് വിഷയല്ലെന്നും ആദ്യം മനുഷ്യനാകുകയാണ് പ്രധാനമെന്നും ഉദയനിധി പറഞ്ഞു.
‘ഇന്ന് മന്ത്രി, എം.എല്‍.എ, യൂത്ത് വിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ ഉണ്ടാകും, നാളെ അതുണ്ടാകണമെന്നില്ല. എല്ലാറ്റിനുമുപരി നമ്മള്‍ ആദ്യം മനുഷ്യരാകണം,’ അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി തങ്ങള്‍ സനാതന വിഷയത്തില്‍ സംസാരിക്കുന്നുണ്ടെന്നും ഉദയനിധി പറഞ്ഞു.
‘സനാതന പ്രശ്‌നം ദീര്‍ഘകാലമായുള്ളതാണ് നൂറ്റാണ്ടുകളായി ഞങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എല്ലാ കാലത്തും ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.
ദ്രാവിഡ പ്രത്യേയശാസ്ത്രങ്ങള്‍ ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള യോഗങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതി ഇന്ന് അനുമതി നിഷേധിച്ചിരുന്നു. ഏതെങ്കിലും പ്രത്യേയ ശാസ്ത്രത്തെ ഭിന്നിപ്പിക്കാനോ നശിപ്പിക്കാനോ ഒരു വ്യക്തിക്കും അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അധികാരത്തില്‍ ഇരിക്കുന്ന വ്യക്തികള്‍ വിദ്വേഷ പ്രവണതയോടെയുള്ള പരാമര്‍ശങ്ങളുടെ അപകടം തിരിച്ചറിയണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സെപ്റ്റംബറില്‍ നടന്ന സനാതന ധര്‍മ്മ വിരുദ്ധ യോഗത്തില്‍ പങ്കെടുത്ത ഡി.എം.കെ മന്ത്രിമാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി എന്നും കോടതി വിമര്‍ശിച്ചു.
ദ്രാവിഡ പ്രത്യയശാസ്ത്രത്തിനെതിരെ തമിഴരെ ഏകോപിപ്പിക്കാന്‍ ഉള്ള സമ്മേളനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഗേഷ് കാര്‍ത്തികേയന്‍ സമര്‍പ്പിച്ച ഹരജി തള്ളികൊണ്ടാണ് ജി.ജയചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
content highlight :will not go back on Sanatana Dharma reference Udayanidhi Stalin