| Tuesday, 10th November 2020, 12:55 pm

മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ല; ഇത് നിതീഷിന്റെ വിജയം; അധികാരം പങ്കിടാനില്ലെന്ന് ഉറച്ച് ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ എന്‍.ഡി.എ സഖ്യം അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ജെ.ഡി.യു.

മുഖ്യമന്ത്രി പദം പങ്കുവെക്കില്ലെന്നും ഇത് നിതീഷിന്റെ വിജയമാണെന്നുമാണ് ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ ബഷിഷ്ത നാരായണ്‍ സിങ് പ്രതികരിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകള്‍ നേടിയത് കുറവാണെങ്കിലും മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ജെ.ഡി.യു.

‘ഇത് നിതീഷിന്റെ ജയമാണ്. മുന്നണിയില്‍ ജെ.ഡി.യു രണ്ടാം സ്ഥാനത്ത് പോയോ എന്നതല്ല പ്രശ്‌നം.ഒന്നിച്ച് പോരാടി. ഒരാള്‍ക്ക് എത്ര കിട്ടിയെന്നതില്‍ പ്രസക്തിയില്ല. ജനങ്ങള്‍ വോട്ട് നല്‍കിയത് നിതീഷിനാണ്. ഇത് മുന്നണിയുടെ ജയവും നിതീഷ് കുമാറിന്റെ വിജയവുമാണ്.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മോദിയും അമിത് ഷായും ജെ.പി നദ്ദയും തന്ന ഉറപ്പ് ബി.ജെ.പി പാലിക്കും. മുഖ്യമന്ത്രി പദം തര്‍ക്കവിഷയമേയല്ല. പ്രധാനമന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ട്. അടുത്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കും.

എല്‍.ജെ.പിയെ മുന്നണിയില്‍ എടുക്കണോ എന്ന കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ല. എല്‍.ജെ.പിയെ മാറ്റി നിര്‍ത്തി ബി.ജെ.പിയുമായി അധികാരം പങ്കിടുമെന്നും എല്‍.ജെ.പിയ്ക്ക് ഒരു റോളുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പ്രതികരണം വന്നിട്ടില്ല. ബീഹാര്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി നിതീഷിന്റെ പാര്‍ട്ടിക്ക് തിരിച്ചടിയാണ് നിലവില്‍ രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോള്‍ 47 സീറ്റുകളിലാണ് ജെ.ഡി.യു മുന്നേറുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്താണ് ജെ.ഡി.യുവിന് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ 47 സീറ്റുകളിലേക്ക് ചുരുങ്ങുന്ന സ്ഥിതിയുണ്ടായിരുന്നത്.

നിതീഷ് കുമാര്‍ വിരുദ്ധവികാരം പ്രകടമാകുന്നുവെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മുതലുള്ള ജെ.ഡി.യുവിന്റെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് സംഭവിച്ച നഷ്ടം കൊവിഡ് കാരണമാണെന്നും തേജസ്വിക്കോ ആര്‍.ജെ.ഡിക്കോ നിതീഷിനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നുമായിരുന്നു നേരത്തെ പാര്‍ട്ടി നേരിട്ട തോല്‍വി സമ്മതിച്ച് കൊണ്ട് ജെ.ഡി.യു ഔദ്യോഗിക വക്താവ് കെസി ത്യാഗി പറഞ്ഞത്. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ വലിയ ഭൂരിപക്ഷം ബി.ജെ.പി നേടുമ്പോഴും പ്രതീക്ഷിച്ച ഉയര്‍ച്ച നിതീഷിന് ലഭിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

നിതീഷ് കുമാറിന്റെ ജനപ്രീതി പെട്ടെന്ന് കുറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നിതീഷ് കുമാറിന്റെ ഭരണത്തില്‍ സംതൃപ്തിയുള്ള ആളുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാട്ടി ബീഹാറില്‍ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ ശരിവക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: will not give up cm post; This is Nitish’s victory; JDU

We use cookies to give you the best possible experience. Learn more