കൊച്ചി: 18 കോടിക്ക് ചെക്ക് കേസ് കൊടുത്ത നാസില്‍ അബ്ദുല്ല ആവശ്യപ്പെടുന്ന പണം നല്‍കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇപ്പോള്‍ നാസില്‍ തന്നോട് അഞ്ചേമുക്കാല്‍ കോടി രൂപയാണ് ചോദിക്കുന്നതെന്നു തുഷാര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ചെക്ക് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്നു നേരത്തേ തുഷാര്‍ വ്യക്തമായിരുന്നു. അതിനു പിറകെയാണ് ഇപ്പോള്‍ പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
’90 ലക്ഷം ദിര്‍ഹത്തിന് (ഏകദേശം 18 കോടി രൂപ) ആണ് ചെക്ക് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ എന്നോടാവശ്യപ്പെടുന്നത് 30 ലക്ഷം ദിര്‍ഹമാണ് (ഏകദേശം 5.87 കോടി രൂപ). ഈ തുക നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
കാരണം, ഇല്ലാത്ത ഇടപാടിന്റെ പേരിലാണ് ഈ കേസ്. എല്ലാ രേഖകളും കോടതിയില്‍ നല്‍കും. കേസ് കോടതിയില്‍ തുടരും.’- അദ്ദേഹം പറഞ്ഞു. തന്റെ കൂടി പങ്കാളിത്തത്തില്‍ ഉണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നു മോഷ്ടിച്ചതാണ് ചെക്കെന്നും തുഷാര്‍ പറഞ്ഞു.
‘എനിക്ക് നാസിലുമായി വ്യക്തിപരമായി ഇടപാടൊന്നുമില്ല. ജോയിന്റ് അക്കൗണ്ടിലുള്ള ചെക്കാണ് കേസിനാധാരം. അതുകൊണ്ടുതന്നെ മറ്റു പങ്കാളികള്‍ കൂടി അതില്‍ ഒപ്പിടേണ്ടതുണ്ട്. നാസിലിന്റെ കമ്പനിയും ബോയിങ് കണ്‍സ്ട്രക്ഷനുമായുണ്ടായിരുന്നത് 6.75 ലക്ഷം ദിര്‍ഹത്തിന്റെ കരാറാണ്.
യു.എ.ഇയില്‍ മാന്ദ്യം വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഏഴര ലക്ഷം ദിര്‍ഹം വിവിധ കമ്പനികളില്‍ നിന്നായി കിട്ടാനുണ്ടായിരുന്നു. വന്‍ നഷ്ടം സംഭവിച്ചിട്ടും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കു കുറേയൊക്കെ പണം കൊടുക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്.
നാസില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അങ്ങനെ പണം കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു ഒത്തുതീര്‍പ്പിനു പോവേണ്ട കാര്യമില്ല.’- തുഷാര്‍ പറഞ്ഞു.
എന്നാല്‍ തീരെച്ചെറിയ തുകയാണ് ഒത്തുതീര്‍പ്പിനായി തുഷാര്‍ വാഗ്ദാനം ചെയ്തതെന്നാണ് നാസില്‍ പറയുന്നത്. തുഷാറിനെ കുഴപ്പത്തിലാക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അതുകൊണ്ടാണ് ഒത്തുതീര്‍പ്പാവാമെന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പണം നല്‍കാന്‍ തുഷാര്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ അദ്ദേഹം കൂടുതല്‍ കുഴപ്പത്തില്‍പ്പെടുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.