[]തമിഴ്‌നാട്: കൂടംകുളം ആണവ നിലയത്തില്‍ നിന്നും കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട്. കൂടംകുളം പദ്ധതിയെ കേരളം എതിര്‍ക്കുന്നതിനാല്‍ തന്നെ കേരളത്തിന് വൈദ്യുതി നല്‍കരുതെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. []
ഊര്‍ജ പ്രതിസന്ധി രൂക്ഷമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുടുംകുളത്തു നിന്ന് കൂടുതല്‍ വൈദ്യുതി വിഹിതത്തിനായി ആവശ്യം ശക്തമാക്കിയിരുന്നു.
എന്നാല്‍ കൂടംകുളത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി അയല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് തടയാനുളള നീക്കമാണ് തമിഴ്‌നാട് ഇപ്പോള്‍ നടത്തുന്നത്.
കൂടംകുളത്തു നിന്ന് കേരളത്തിന് ലഭിക്കേണ്ടത് 266 മെഗാവാട്ട് വൈദ്യുതിയാണ്. രണ്ടാം റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കേരളത്തിന് നല്‍കുമെന്നായിരുന്നു ധാരണ.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം ധാരണയില്‍ എത്തിയതിനാല്‍ തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാന്‍ ഇടയില്ല.
ഇതിനെതിരെ കര്‍ണാടകം കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. കൂടംകുളത്ത് 1000 മെഗാവാട്ടിന്റെ ആദ്യപദ്ധതി അടുത്തമാസം കമ്മിഷന്‍ ചെയ്യാനിരിക്കെയാണ് തമിഴ്‌നാട് കരുക്കള്‍ നീക്കുന്നത്.
ആദ്യ റിയാക്ടറില്‍ നിന്നുള്ള 1000 മെഗാവാട്ട് വൈദ്യുതിയും തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്. ആദ്യ ഘട്ടത്തില്‍ കൂടംകുളത്തു നിന്നുള്ള വൈദ്യുതി വേണ്ടെന്ന് പറഞ്ഞ ആന്ധ്രപ്രദേശ് ഇപ്പോള്‍ 530 മെഗാവാട്ട് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് റിയാക്ടറുകളില്‍ നിന്നുള്ള രണ്ടായിരം മൊഗാവാട്ട് വൈദ്യുതിയില്‍ 925 മെഗാവാട്ടാണ് തമിഴ്‌നാടിന്റെ വിഹിതം. കര്‍ണാടകത്തിന് 442, കേരളത്തിന് 266, പുതുച്ചേരിക്ക് 67 മെഗാവാട്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം.
ആദ്യഘട്ടത്തില്‍ കേരളത്തിന് കിട്ടേണ്ടത് 133 മെഗാവാട്ടാണ്. രണ്ടാംഘട്ടത്തില്‍ ആയിരം മൈഗാവാട്ടിന്റെ നിലയം കമ്മീഷന്‍ ചെയ്യുമ്പോഴും 133 മെഗാവാട്ട് കൂടി കിട്ടണം.
എന്നാല്‍ ആണവനിലയത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവന്‍ തങ്ങള്‍ക്ക് വേണമെന്നാണ് തമിഴ്‌നാടിന്റെ വാദം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ജയലളിത പലതവണ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.