[]ന്യൂദല്‍ഹി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ കായികമന്ത്രാലയത്തിന്റെ സ്ഥിരീകരണമെത്തി. മലയാളി അത്‌ലറ്റ് രഞ്ജിത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് നല്‍കില്ലെന്ന് കായികമന്ത്രാലയം സ്ഥിരീകരിച്ചു.
ഉത്തേജകമരുന്ന് പരിശോധനയില്‍ രഞ്ജിത് പിടിക്കപ്പെട്ടിരുന്നെന്നും ഇതിന്റെ വ്യക്തമായ തെളിവുകള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് നടപടിയെന്നും കായിക മന്ത്രാലയം വ്യക്തമാക്കി.
അവാര്‍ഡിനായി രഞ്ജിത്തിന്റെ പേര് നിര്‍ദ്ദേശിച്ചതിന് അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണവും തേടിയിട്ടുണ്ട്.
കായികമന്ത്രാലയം സെക്രട്ടറി പി.കെ ദേവിന്റെ അന്വേഷണത്തിലൊടുവിലാണ് തീരുമാനം. 2008ല്‍ കൊച്ചിയില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ രഞ്ജിത് നിരോധിത ഉത്തേജക മരുന്ന് കഴിച്ചതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് 2009 ജനുവരി പത്തിന് ആള്‍ ഇന്ത്യാ അത്‌ലറ്റിക് ഫെഡറേഷന്‍ രഞ്ജിത്തിന് മൂന്ന് മാസത്തെ വിലക്കേര്‍പ്പെടുത്തി. ഇതെല്ലാം അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഉത്തേജമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടവര്‍ക്ക് അവാര്‍ഡ് സമ്മാനിക്കരുതെന്നാണ് നിയമാവലിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന് അവാര്‍ഡ് നല്‍കുന്നില്ലെന്ന് തീരുമാനിച്ചതെന്നും കായികമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
നേരത്തെ അവാര്‍ഡ് ലഭിച്ചവരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ രഞ്ജിത്തും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന അവാര്‍ഡ് സ്വീകരിക്കാനായി രജ്ജിത്ത് ദില്ലിയിലെത്തി.
അവാര്‍ഡ് ചടങ്ങിന്റെ റിഹേഴ്‌സലിലും പങ്കെടുത്തു. എന്നാല്‍ അവാര്‍ഡ് സമ്മാനിക്കുന്ന ദിവസം അപ്രതീക്ഷിതമായി രഞ്ജിത്തിന്റെ അവാര്‍ഡ് മരവിപ്പിച്ചതായി മന്ത്രാലയം അറിയിക്കുകയായിരുന്നു.