| Wednesday, 20th April 2022, 8:40 am

ഇനി കൈകോര്‍ക്കില്ല, കൊമ്പുകോര്‍ക്കും; ശിവസേനയുമായി സഖ്യമുണ്ടാവില്ലെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേനയുമായി സഖ്യമുണ്ടാവില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. തങ്ങളുടെ മുന്‍ സഖ്യകക്ഷിയായ ശിവസേനയുമായി ഭാവിയില്‍ സഖ്യമുണ്ടാക്കില്ലെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞു.

‘അധികാരം നേടുന്നതിനായി ബി.ജെ.പി ശിവസേനയുമായി ഭാവിയില്‍ സഖ്യമുണ്ടാക്കില്ല. ബി.എം.സിയിലെ സേനയുടെ അഴിമതികള്‍ തുറന്നുകാട്ടാനാണ് ഞങ്ങള്‍ ഇപ്പോള്‍ ഇവിടെയുള്ളത്,’മുന്‍ഗന്തിവാര്‍ പറഞ്ഞു. പതിറ്റാണ്ടുകളായി സഖ്യകക്ഷികളായ ശിവസേനയും ബി.ജെ.പിയും 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയാണ് ഭിന്നിപ്പുണ്ടായത്.

ബി.ജെ.പി സഖ്യത്തില്‍ കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്നും തങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഹിന്ദുത്വയുടെ ശക്തിക്ക് വേണ്ടിയാണ് ശിവസേന ബി.ജെ.പിക്കൊപ്പം ചേര്‍ന്നിരുന്നതെന്നും എന്നാല്‍ അവര്‍ തങ്ങളെ തകര്‍ക്കാന്‍ നോക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അധികാരത്തിന് വേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വയെ ഉപയോഗിച്ചിട്ടില്ലെന്നും ബി.ജെ.പിയുടെ അവസരവാദ ഹിന്ദുത്വ അധികാരത്തിന് വേണ്ടി മാത്രമുള്ളതാണെന്നും ഉദ്ദവ് ആരോപിച്ചിരുന്നു.

Content Highlights: Will not form alliance with Shiv Sena in future: BJP leader Sudhir Mungantiwar

We use cookies to give you the best possible experience. Learn more