കോഴിക്കോട്: വിമര്‍ശനങ്ങള്‍ വ്യക്തിഹത്യയാകുന്നതില്‍ പ്രതിഷേധിച്ച് ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി ഉഷ. ലോകമീറ്റിനുള്ള പട്ടികയില്‍ നിന്ന് പി. യു ചിത്രയെ ഒഴിവാക്കിയതിലെ വിമര്‍ശനം അതിരുകടന്നെന്നാരോപിച്ചാണ് ഉഷയുടെ തീരുമാനം.
ദൃശ്യമാധ്യമരംഗത്തെ മൂല്യച്യുതിയും സത്യവിരുദ്ധ ചര്‍ച്ചകളും തന്നെപ്പോലുള്ള സാധാരണക്കാരിയായ സ്ത്രീക്ക് പീഢനമായാണ് അനുഭവപ്പെടുന്നതെന്ന് ഉഷ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
” വൃദ്ധയായ മാതാവിനൊപ്പം ഭര്‍ത്താവിനൊപ്പം സഹോദരീസഹോദരന്‍മാര്‍ക്കും ഏകമകനോടൊപ്പം മന:സമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്. അതിനാല്‍ അസഹ്യമായ ദൃശ്യമാധ്യമ പീഢനത്തില്‍ പ്രതിഷേധിച്ച്് പി.ടി ഉഷയെന്ന ഞാന്‍ ഇന്ന് മുതല്‍ സ്വയം ദൃശ്യമാധ്യമങ്ങളുമായ് സഹകരിക്കില്ല എന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാധ്യമ സുഹൃത്തുക്കളെയും അറിയിച്ചു കൊള്ളുന്നു.”
ഇനിയുള്ള കാലം എനിക്കും ജീവിക്കണം എന്നുണ്ടെന്നും തന്നോട് ക്ഷമിക്കണം താനീക്കാര്യത്തില്‍ നിസഹായയാണെന്നും പറഞ്ഞാണ് വാര്‍ത്താക്കുറിപ്പവസാനിക്കുന്നത്.