ജെറുസലേം: റഫയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്കെതിരെ ഇസ്രഈൽ. വിധി അംഗീകരിക്കാൻ ആകില്ലെന്നും റഫയിൽ യുദ്ധം തുടരുമെന്നും ഇസ്രാഈൽ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ കാര്യം അറിയിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“ആക്രമണം നിർത്തണമെന്ന ഐ.സി.ജെ ഉത്തരവ് അനുസരിക്കാൻ ഇസ്രഈൽ ഉദ്ദേശിച്ചിട്ടില്ല. റഫയിൽ ആക്രമണം തുടരും. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് തന്നെയാണ് യുദ്ധം തുടരുന്നത്,” ബെന്നി ഗാന്റ്സ് പറഞ്ഞു.
ഗസക്കെതിരായ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രഈൽ ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ചും പ്രതികരിച്ചു. യുദ്ധം നിർത്തുന്നത് ഇസ്രാഈലിന്റെ അസ്തിത്വം ഇല്ലാതാകുന്നതിന് തുല്യമായിരിക്കുമെന്നാണ് ബെസലേൽ സ്മോട്രിച്ച് പറഞ്ഞത്. വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ, വെള്ളിയാഴ്ച റഫയിൽ ഇസ്രാഈൽ സൈന്യം മിസൈൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
അതിനിടെ, ഐ.സി.ജെ വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് നിരവധി രാജ്യങ്ങൾ രംഗത്തെത്തി. സൗദി അറേബ്യ, തുർക്കി, ജോർദാൻ, ഈജിപ്ത്, നോർവേ എന്നീ രാജ്യങ്ങളാണ് വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.
ലോകത്തിലെ ഒരു രാജ്യവും നിയമത്തിന് അതീതരല്ലെന്നും കോടതി ഉത്തരവ് ഇസ്രഈൽ വേഗത്തിൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അധിനിവേശ രാജ്യമെന്ന നിലയിൽ ഗസയിലെ മോശം സാഹചര്യങ്ങളുടെ ഉത്തരവാദിത്തം ഇസ്രഈൽ ഏറ്റെടുക്കണമെന്നാണ് ഈജിപ്ത് പറഞ്ഞത്. ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയായിരുന്നു പ്രതികരണം.
റഫയിലെ സൈനിക ആക്രമണം ഇസ്രഈൽ അവസാനിപ്പിക്കണമെന്ന് വെള്ളിയാഴ്ചയാണ് ലോകകോടതി ഉത്തരവിട്ടത്. ഗസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹരജിയിലാണ് വിധി.
രണ്ടിനെതിരെ 13 ജഡ്ജിമാരാണ് റഫയിലെ സൈനിക നടപടി അവസാനിപ്പിക്കമെന്ന വിധിയെ പിന്തുണച്ചത്. ഗസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹമാസ് നിരുപാധികം ബന്ദികളെ വിട്ടയക്കണമെന്നും ഐ.സി.ജെ ഉത്തരവിട്ടു. ഗസയിലെ ഫലസ്തീനികളുടെ അവസ്ഥയെ വിനാശകരമെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ എട്ട് ലക്ഷത്തിലേറെ ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. റഫയിലെ ഇസ്രഈല്‍ ആക്രമണം ഒരു സമൂഹത്തെ മുഴുവനായും നശിപ്പിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു.
Content Highlight: Will not comply with World Court order, will continue attack on Rafah: Israel