കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തില്‍ ഒന്നും പറയാന്‍ ഇല്ലെന്ന് രാമകൃഷ്ണ മിഷന്‍. മോദി പറഞ്ഞത് ഒരു രാഷ്ട്രീയ തലത്തില്‍ നിന്നുകൊണ്ടാണെന്നും ഇത്തരം നൈമിഷിക കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും രാമകൃഷ്ണ മിഷന്‍ അധികൃതര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം നഷ്ടപ്പെടുത്തില്ലെന്ന് ബംഗാളിലെ രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ വെച്ചു നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് യുവാക്കള്‍ വല്ലാതെ തെറ്റിധരിക്കപ്പെടുന്നുവെന്നും മോദി പറഞ്ഞു.
‘രാമകൃഷ്ണ മിഷന്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ സംബന്ധിച്ച് ഒരു അഭിപ്രായവും പറയില്ല. ഞങ്ങള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. ഞങ്ങള്‍ വീട് വിട്ട് ഇവിടെ വന്നിരിക്കുന്നത് ഒരു ആത്മീയ ജീവിതം നയിക്കാനാണ്. ഇത്തരം നൈമിഷികമായ കാര്യങ്ങള്‍ക്കൊന്നും ഞങ്ങള്‍ മറുപടി പറയില്ല,’ ബേലൂരില്‍ രാമകൃഷ്ണമിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു സ്വാമിയുടെ പ്രതികരണം.
മിഷന്‍ എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനമാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെ ഇവിടെയുണ്ടാവും. ഇവിടെ ഞങ്ങളെല്ലാവരും ഒരമ്മപെറ്റ സഹോദരങ്ങളെപോലെയാണ് കഴിയുന്നത്,’ അദ്ദേഹം പറഞ്ഞു.ഞങ്ങളെ സംബന്ധിച്ചിടത്തോളം നരേന്ദ്ര മോദി രാജ്യത്തിന്റെ നേതാവും മമത ബാനര്‍ജി പശ്ചിമ ബംഗാളിന്റെ നേതാവുമാണ് എന്നും അദ്ദേഹം പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിനായാണ് മോദി പശ്ചിമ ബംഗാളിലെത്തിയത്. പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത് വ്യക്തികള്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കുന്നതിന് വേണ്ടിയാണെന്നും വിഭജന സമയത്ത് പാകിസ്താനില്‍ അകപ്പെട്ടു പോയവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം നല്‍കാന്‍ നിയമം സഹായിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഗാന്ധിജി ഉള്‍പ്പെടെ പല നേതാക്കളും അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കണമെന്ന അഭിപ്രായക്കാരായിരുന്നുവെന്നും മോദി ബേലൂര്‍ മഠത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സന്ദര്‍ശനത്തിനെത്തിയ മോദിയെ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംഘവും കോണ്‍ഗ്രസുകാരും പ്രതിഷേധിച്ച് രംഗത്തെത്തിയുരുന്നു.