പാലക്കാട്: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ വത്സന്‍ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാര്‍ഗറ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍.
കേരളത്തെ ആഭ്യന്തര യുദ്ധത്താല്‍ തകര്‍ന്ന സിറിയ പോലെയോ അഫ്ഗാനിസ്ഥാന്‍ പോലെയോ ആക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വത്സന്‍ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാര്‍ഗറ്റ് ചെയ്ത് തീര്‍ത്തു കളയാം എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ധാരണയെങ്കില്‍ അതൊന്നും അനുവദിച്ചു തരാന്‍ പോകുന്നില്ല. സി.പി.ഐ.എം കൊലക്കത്തിക്കു മുന്നില്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൂടെ നിര്‍ഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സന്‍ തില്ലങ്കേരിയെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ കൊലക്കത്തി പുറകിലുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് ഞങ്ങളെല്ലാവരും കാവിക്കൊടി ഉയര്‍ത്തി പിടിച്ച് ഈ മണ്ണില്‍ നടക്കുന്നത്. ഈ നാടിനെ ആഭ്യന്തര യുദ്ധത്താല്‍ തകര്‍ന്ന സിറിയ പോലെയോ അഫ്ഗാനിസ്ഥാന്‍ പോലെയോ ആക്കരുത്. ആക്കാന്‍ അനുവദിക്കില്ല. ഈ നാടിനെ തകര്‍ക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമമെങ്കില്‍ അത് തടയാനാണ് ഞങ്ങളുടെ തീരുമാനം,’ സന്ദീപ് വാര്യര്‍ പറഞ്ഞു.
കെ.എസ്. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ വത്സന്‍ തില്ലങ്കേരിയെന്ന് എസ്.ഡി.പി.ഐ ഉന്നയിച്ചിരുന്നു. സംഭവ ദിവസം ആലപ്പുഴയിലെത്തിയ വത്സന്‍ തില്ലങ്കേരി കൊല ആസൂത്രണം ചെയ്‌തെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ ആരോപിച്ചിരുന്നു.
ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ വത്സന്‍ തില്ലങ്കേരിയ്ക്ക് പങ്കുണ്ടെന്ന ആരോപണം പൊലീസ് അന്വേഷിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.
‘ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ചയില്ല. കൊലപാതകത്തില്‍ വത്സന്‍ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പൊലീസ് പരിശോധിക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
എസ്.ഡി.പി.ഐയും ആര്‍.എസ്.എസും മത്സരിച്ച് ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചേയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENTENT HIGHLIGHTS: will not be allowed Valsan Thillankeri to target accused in Alappuzha Murder case: Sandeep Warrier