അമേരിക്കയുമായി ഭീകരവിരുദ്ധ പോരാട്ടത്തിന് ഇല്ല: പാക്കിസ്ഥാന്‍
World
അമേരിക്കയുമായി ഭീകരവിരുദ്ധ പോരാട്ടത്തിന് ഇല്ല: പാക്കിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th August 2012, 12:54 am

ഇസ്‌ലാമാബാദ്: അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത ഭീകരവിരുദ്ധ പോരാട്ടത്തിന് ഇല്ലെന്ന് പാക്കിസ്ഥാന്‍. യു.എസ് സേനയും പാക് സേനയും സംയുക്തമായി പാക്കിസ്ഥാനില്‍ താലിബാനെതിരെ ഭീകരവിരുദ്ധ പോരാട്ടം നടത്തുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ പ്രസ്താവന.[]

സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ് – പാക് സംയുക്ത സൈനിക നടപടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കയാനി അറിയിച്ചു.

അത്തരത്തിലൊരു സംയുക്ത പോരാട്ടത്തിന് അമേരിക്കയുമായി യാതൊരു രീതിയിലുമുള്ള ഉടമ്പടിയ്ക്കും പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യു.എസ് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണ്- കയാനി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ നോര്‍ത്ത് വസീരിസ്ഥാനില്‍ യു.എസ് – പാക് സേനകള്‍ സംയുക്തമായി സൈനിക നടപടി ആരംഭിക്കാന്‍ ധാരണയിലെത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാക് രഹസ്യാന്വേഷണ വിഭാഗം മേധാവി ലഫ്. ജനറല്‍ സഹീര്‍ ഉള്‍ ഇസ്‌ലാമും സി.ഐ.എ ഉദ്യോഗസ്ഥരും വാഷിംങ്ടണില്‍ വെച്ച്‌ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കയാനി നിഷേധക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.