| Monday, 18th April 2022, 12:58 pm

സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ല; അത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കും: എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സ്പീക്കര്‍മാര്‍ അത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ്‌വഴക്കമില്ലെന്ന് എം.ബി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

താന്‍ യോഗത്തില്‍ പങ്കെടുക്കുന്നത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘യോഗത്തില്‍ പങ്കെടുക്കുന്നില്ല, സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ. പാലക്കാട് ഇന്ന് നടക്കുന്ന സമാധാന യോഗത്തില്‍ സ്പീക്കര്‍ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതല്‍ പലരും അന്വേഷിച്ചിരുന്നു.

സ്പീക്കര്‍മാര്‍ സാധാരണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ്‌വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തില്‍ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാല്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ അതൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നു,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നാട്ടിലൊരു പ്രശ്നമുണ്ടാകുമ്പോള്‍ സ്പീക്കര്‍ എന്ന പ്രോട്ടോക്കോള്‍ നോക്കേണ്ടതില്ലെന്നായിരുന്നു സ്പീക്കര്‍ നേരത്തെ പറഞ്ഞത്.

ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. സമാധാനയോഗം അതിന്റെ വഴിക്ക് നടക്കും, കേസ് മറ്റൊരു വഴിക്കും മുന്നോട്ട് പോകും, കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. സമാധാനയോഗം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാകുമെന്നും എം.ബി. രാജേഷ് പറഞ്ഞിരുന്നു.

തിങ്കളാഴ്ച മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വെച്ചാണ് സര്‍വകക്ഷിയോഗം നടക്കുക. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബി.ജെ.പി, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരാകും യോഗത്തിനെത്തുക.

Content Highlights: Will not attend the all-party meeting said MB. Rajesh

We use cookies to give you the best possible experience. Learn more