|

വിശ്വാസ വോട്ടെടുപ്പിന് നിയമസഭയിലേക്ക് പോകുന്ന പ്രശ്‌നമില്ല: സുപ്രീംകോടതി വിധിക്കു പിന്നാലെ നിലപാട് വ്യക്തമാക്കി വിമത എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: വിമത എം.എല്‍.എമാരുടെ ഹരജിയില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ നിലപാട് വ്യക്തമാക്കി എം.എല്‍.എമാര്‍. എന്തുവന്നാലും വിശ്വാസ വോട്ടെടുപ്പിന് നിയമസഭയില്‍ ഹാജരാവുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നാണ് എം.എല്‍.എമാര്‍ പറഞ്ഞത്.

എം.എല്‍.എമാരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമത എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കിയത്.

‘സുപ്രീം കോടതിയുടെ തീരുമാനം ഞങ്ങള്‍ അംഗീകരിക്കുന്നു. തിരിച്ചുപോകുന്ന പ്രശ്‌നമില്ല. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. നിയമസഭയിലേക്ക് ഞങ്ങള്‍ പോകുന്ന പ്രശ്‌നമില്ല.’ കോണ്‍ഗ്രസില്‍ നിന്നുള്ള വിമത എം.എല്‍.എയായ ബി.സി പാട്ടീല്‍ പറഞ്ഞു.

നാളെത്തെ നിയമസഭയില്‍ പങ്കെടുക്കില്ലെന്ന് മുംബൈയിലുള്ള 12 എം.എല്‍.എമാരും ഒരുമിച്ച് പുറത്തുവന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ലെങ്കില്‍ കര്‍ണാടക സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമാകുകയും സര്‍ക്കാര്‍ താഴെവീഴുകയും ചെയ്യും.

കോടതി വിധിയോട് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങള്‍ ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കുമാരസ്വാമി മിണ്ടാതെ പോകുകയാണുണ്ടായത്.

അതേസമയം, ഓപ്പറേഷന്‍ താമര പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റു ചെയ്തത്.

സ്പീക്കറുടെ അധികാര പരിധിയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്.