ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കില്ല; നിരോധനം വന്നതോടെ പരീക്ഷക്കെത്തുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ എണ്ണം ഉയര്‍ന്നു: ബി.സി. നാഗേഷ്
national news
ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കില്ല; നിരോധനം വന്നതോടെ പരീക്ഷക്കെത്തുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ എണ്ണം ഉയര്‍ന്നു: ബി.സി. നാഗേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd March 2023, 5:47 pm

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. മാര്‍ച്ച് ഒമ്പതിന് നടക്കുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം.

പരീക്ഷക്ക് യൂണിഫോം ധരിച്ചെത്തണമെന്ന് നേരത്തെ വിദ്യാര്‍ത്ഥികളോട് വ്യക്തമാക്കിയിരുന്നുവെന്നും നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.

‘വിദ്യാര്‍ത്ഥികളോട് യൂണിഫോം ധരിച്ച് പരീക്ഷക്ക് എത്തണമെന്ന് വ്യക്തമാക്കിയിരുന്നു. ഹിജാബ് അതിന്റെ ഭാഗമല്ല. ഹിജാബ് ധരിച്ച് പരീക്ഷയെഴുതണം എന്ന് നിര്‍ബന്ധമുള്ളവരെ ഹാളില്‍ പ്രവേശിപ്പിക്കില്ല,’ ബി.സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഹിജാബ് വിലക്കിന് പിന്നാലെ പരീക്ഷക്കെത്തുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ എണ്ണം ഉയര്‍ന്നതായും ബി.സി നാഗേഷ് കൂട്ടിച്ചേര്‍ത്തു.

കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹോളി കഴിഞ്ഞായിരിക്കും ഹരജികള്‍ പരിഗണിക്കുക എന്ന് കോടതി വ്യക്തമാക്കിയിരുന്നു. പരീക്ഷ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഉടനടി പരിഗണിക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.

ഹിജാബ് വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥിനികള്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് പരീക്ഷകളെല്ലാം നടക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികളില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു.

സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു വിധി. അതേസമയം ഹിജാബ് ഒരാളുടെ ചോയിസ് ആണെന്നായിരുന്നു രണ്ടാം വിധി. ഇതേത്തുടര്‍ന്ന് ഹരജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നു. എന്നാല്‍ ഹരജി പരിഗണിക്കുന്ന ബെഞ്ച് ഇത് വരെയും രൂപീകരിച്ചിട്ടില്ല.

Content Highlight: Will not allow students with hijab to enter exam hall says karnataka education minister BC Nagesh