ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് കടുപ്പിച്ച് തമിഴ്‌നാട്.
പുതിയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് (എന്‍.ഇ.പി 2020) തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ദ്വിഭാഷ നയം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വേദനാജനകവും സങ്കടകരവുമാണ് പുതിയ നയത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെന്നും മൂന്ന് ഭാഷ നടപ്പാക്കാനുള്ള നിര്‍ദ്ദേശം പുനര്‍വിചിന്തനം നടത്തണമെന്നും വിഷയത്തില്‍ സ്വന്തം നയം നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും പളനിസ്വാമി പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശിച്ച കേന്ദ്രത്തിന്റെ ത്രിഭാഷാ ഫോര്‍മുല നിരസിച്ച അദ്ദേഹം, പതിറ്റാണ്ടുകളായി പിന്തുടരുന്ന തമിഴ്നാട്ടിലെ ദ്വിഭാഷാ നയത്തില്‍ നിന്ന് വ്യതിചലനമുണ്ടാകില്ലെന്നും പറഞ്ഞു.
”കേന്ദ്രത്തിന്റെ ത്രിഭാഷാ നയം തമിഴ്നാട് ഒരിക്കലും അനുവദിക്കില്ല. ദ്വിഭാഷാ നയവുമായി സംസ്ഥാനം മുന്നോട്ട് പോകും”അദ്ദേഹം പറഞ്ഞു.