ഇനി മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും പങ്കുവെക്കില്ല: മല്ലു ട്രാവലര്‍
Kerala News
ഇനി മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും പങ്കുവെക്കില്ല: മല്ലു ട്രാവലര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th December 2021, 9:29 am

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയില്‍ മോഡിഫിക്കേഷന്‍ ചെയ്ത വാഹനം നിരത്തിലിറക്കിയതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മല്ലുട്രാവലര്‍ പോസ്റ്റ് പിന്‍വലിച്ചു.

വിമര്‍ശനം കനത്തതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്. സമ്മേളനത്തിനായി ഉപയോഗിച്ച വെളുത്ത എര്‍ട്ടിഗ കാറില്‍ സമ്മേളന പോസ്റ്റര്‍ പച്ച നിറത്തില്‍ പതിപ്പിച്ചതിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തുവന്നിരുന്നത്.

വാഹനത്തില്‍ മോഡിഫിക്കേഷന്‍ നടത്തിയതില്‍ മോട്ടോര്‍ വാഹന വകുപ്പിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മല്ലു ട്രാവലറുടെ പോസ്റ്റ്.

എല്ലാവര്‍ക്കും ഒരു നിയമം ആണോ ഉള്ളതെന്ന് ഉറപ്പുവരുത്തണമെന്നും അല്ലെങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും പോസ്റ്റില്‍ പറയുന്നു.

ഇനി വരുന്ന ഇലക്ഷന്‍ സമയത്ത് കേരളത്തിലെ പ്രൈവറ്റ് വാഹനങ്ങളില്‍ ഒരുതരത്തിലുള്ള സ്റ്റിക്കര്‍ വര്‍ക്കുകളും ഉണ്ടാവാതെ നോക്കേണ്ടത് എം.വി.ഡിയുടെ ഉത്തരവാദിത്തമാണ്. അലങ്കരിച്ച പ്രൈവറ്റ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനുള്ള ഉത്തരാവാദിത്തം എം.വി.ഡിക്കുണ്ട്.

കേരളത്തിലെ വാഹന മോഡിഫിക്കേഷന്‍ നിയമം ഭേദഗതി ചെയ്‌തേ പറ്റുവെന്നും അല്ലെങ്കില്‍ പാവപ്പെട്ടവനും മറ്റുള്ളവര്‍ക്കും രണ്ട് നിയമങ്ങള്‍ ആകുമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

അതേസമയം പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും താന്‍ പങ്കുവെക്കില്ലെന്ന് മല്ലു ട്രാവലര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മതത്തിനും രാഷ്ട്രീയത്തിനും വലിയ സ്വാധീനം ഉണ്ടെന്നും ആരുടേയും രാഷ്ടട്രീയത്തിനെതിരെയല്ല പോസ്റ്റ് ഇട്ടതെന്നും മല്ലു ട്രാവലര്‍ ലൈവില്‍ പറഞ്ഞു.

പോസ്റ്റ് എന്തിന് വേണ്ടിയാണോ ഷെയര്‍ ചെയ്തത് അതിന്റെ പിന്നിലെ കാരണമറിയാതെയാണ് ആളുകള്‍ അധിക്ഷേപിക്കുന്നത്. രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള ആളുകള്‍ ശ്രമിച്ചാല്‍ മാത്രമേ വാഹന മോഡിഫിക്കേഷന്‍ നിയമത്തില്‍ ഭേദഗതി വരൂ.

ആളുകള്‍ രാഷ്ട്രീയത്തിനാണ് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്നും അതില്‍ വ്യക്തി ബന്ധങ്ങള്‍ക്ക് ഒരുവിലയുമില്ലെന്നും മല്ലു ട്രാവലര്‍ പറഞ്ഞു.

മല്ലു ട്രാവലര്‍ പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റ്

ഈ വാഹനം നിയമവിരുദ്ധമായി സ്റ്റിക്കര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. നടപടി എടുക്കാത്തത് എന്താണു ?? മോട്ടോര്‍ വാഹന വകുപ്പിനോട് : ഒന്നുകില്‍ നിങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ഒരേ നിയമം ആണൊ എന്ന് ഉറപ്പ് വരുത്തുക, അല്ലെങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്തുക, രണ്ടും പറ്റില്ലാ എങ്കില്‍ ജോലി രാജി വെച്ച് വേറെ പണിക്ക് പോവുക.

നിയമം എല്ലാവര്‍ക്കും ഒരു പോലെ ആവണം, അത് രാഷ്ട്രീയ പാര്‍ട്ടി ആയാലും, മത സംഘടനകള്‍ ആയാലും.

(രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനി എന്നെ തെറി പറയാന്‍ വരണ്ട, ഈ വണ്ടിയില്‍ കാണുന്ന ഫോട്ടോയിലെ 2 ആള്‍ക്കാരെയും എനിക്ക് നല്ല ഇഷ്ടമാണു, വ്യക്തിപരമായി അറിയാം, കൂടാതെ മലപ്പുറം എന്ന ജില്ലയെയും അവിടത്തെ ആള്‍ക്കാരോടും പ്രത്യേകം ഇഷ്ടവുമുണ്ട് , പ്രതിഷേധം അവരൊട് അല്ല, മറിച്ച് നമ്മുടെ നാട്ടിലെ മോഡിഫിക്കേഷന്‍ നിയമങ്ങളോടാണു).

ഇനി വരുന്ന ഇലക്ഷന്‍ കാലത്ത് കേരളത്തിലെ പ്രൈവറ്റ് വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സ്റ്റിക്കര്‍ വര്‍ക്കുകള്‍ ഉണ്ടാവാതെ നോക്കണ്ടതും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവാദിത്തം ആണു. നേതാക്കന്മാര്‍ സഞ്ചരിക്കുന്ന അലങ്കരിച്ച പ്രൈവറ്റ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള ഉത്തരവാദിത്തവും നിങ്ങള്‍ക്കുണ്ട്, കേരളത്തിലെ വാഹന മോഡിഫിക്കെഷന്‍ നിയമം ഭേദഗതി ചെയ്‌തേ പറ്റൂ, അല്ലങ്കില്‍ ഇത് പോലെ പാവപ്പെട്ടവനു ഒരു നിയമവും, മറ്റുള്ളവര്‍ക്ക് ഒരു നിയമവും ആവും.

ഈ നിയമത്തിലൊരു മാറ്റം വരുത്തുന്നത് വരെ ഇത് പോലെ ഉള്ളത് കണ്ടാല്‍ എല്ലാവരും അത് ഷെയര്‍ ചെയ്യണം, എല്ലാര്‍ക്കും നിയമം ഒരു പോലെ തടസ്സം ആയാല്‍ മാത്രമേ എല്ലാവരും ഈ വിഷയത്തില്‍ ഒരുമിച്ച് നിന്ന് പ്രതികരിക്കുള്ളൂ..

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Will no longer share any post related to Modification: Mallu Traveler