ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി ഒ.രാജഗോപാല്‍
Kerala News
ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി ഒ.രാജഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th January 2021, 9:22 pm

തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ.രാജഗോപാല്‍. സമയം മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഒ.രാജഗോപാല്‍ നിലപാട് വ്യക്തമാക്കിയത്.

‘അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഒരു തവണ കൂടി മത്സരിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുന്നത് എന്നാണ് ഒ.രാജഗോപാല്‍ പറയുന്നത്.

പ്രായത്തിന്റെ അവശതകള്‍ കാരണം ഇനി മത്സരിക്കാനില്ല. വയസ് 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്തകങ്ങള്‍ എഴുതി തീര്‍ക്കണം’ എന്നും രാജഗോപാല്‍ പറഞ്ഞു.

2016ല്‍ 8671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഒ.രാജഗോപാല്‍ നേമം മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ നിന്ന് ഒ.രാജഗോപാല്‍ പിന്‍മാറിയതോടെ നേമം മണ്ഡലത്തില്‍ ഇനി ആരായിരിക്കും മത്സരിക്കുക എന്നതാണ് ഉയരുന്ന ചോദ്യം.

നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തനിക്ക് നേമത്ത് കിട്ടിയ വോട്ടുകള്‍ കുമ്മനം രാജശേഖരന് കിട്ടില്ലെന്ന് ഒ.രാജഗോപാല്‍ പറഞ്ഞിരുന്നു. തനിക്ക് കിട്ടിയ വോട്ടുകളെല്ലാം വ്യക്തിബന്ധത്തിന്റെ പുറത്ത് കിട്ടിയാണ്. അത്തരം ബന്ധങ്ങള്‍ വെച്ചുകിട്ടുന്ന വോട്ടുകള്‍ മറ്റുള്ളവര്‍ക്ക് കിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will no longer contest elections; O.Rajagopal clarified his position