കേരളത്തിലെ ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെ ശ്രദ്ധയ്ക്ക്,
വയനാട് മാനന്തവാടി താലൂക്കിലാണ് ഞാന്‍ താമസിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ പൊതുനന്മയെ കാംക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക് കേരളനിയമസഭയില്‍ ഉന്നയിക്കപ്പെടണമെന്നും സഭയില്‍ ചര്‍ച്ചാവിഷയമാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍/വിഷയങ്ങളാണ് ചുവടെ:
1) ആഗോളതാപനം മൂലം സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നത് വരുന്ന 50100 വര്‍ഷങ്ങളില്‍ കേരളത്തിലെ തീരപ്രേദേശങ്ങളെ എങ്ങനെയെല്ലാമാണ് ബാധിക്കുക? അതിന്റെ പാരിസ്ഥിതികവും, സാമ്പത്തികവും, സാമൂഹികവും, സാംസ്‌കാരികവും മറ്റുമായ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ്? ഈ മാറുന്ന സാഹചര്യത്തെ വേണ്ടവിധം അഭിമുഖീകരിക്കുന്നതിനെ സംബന്ധിച്ച് കേരളസര്‍ക്കാരിന്റെ കാഴ്ചപ്പാട് എന്താണ്? അതിനെ മുന്‍നിറുത്തി കേരളസര്‍ക്കാര്‍ സ്വീകരിക്കുന്ന, തുടര്‍ന്നും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്?
2) സര്‍ക്കാര്‍ പി.ഡബ്ല്യു.ഡിയുടെ കീഴില്‍ മാത്രമായി മുപ്പത്തിമൂവായിരം കിലോമീറ്റര്‍ ടാര്‍ റോഡുള്ള ഒരു സംസ്ഥാനമാണ് കേരളം. ഈ സാഹചര്യവുമായി നേരിട്ടു ബന്ധപ്പെടുന്ന നാലു വസ്തുതകളാണ് ചുവടെ:
ടാര്‍ ഉള്‍പ്പടെ റോഡു നിര്‍മ്മാണത്തിന് ആവശ്യമുള്ള പെട്രോളിയം അസംസ്‌കൃതവസ്തുക്കളില്‍ സിംഹഭാഗവും നാം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ്. അതായത്, അവയുടെ കാര്യത്തില്‍ നാം സ്വയം പര്യാപ്തരല്ല.
പുനരുല്പാദനം അസാധ്യമായ ഈ അസംസ്‌കൃതവസ്തുക്കളുടെ സ്വാഭാവിക ലഭ്യത അനുദിനം കുറഞ്ഞുവരികയാണ്. അതായത്, കേരളത്തില്‍ നിലവിലുള്ള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന റോഡുകള്‍ നിലനിറുത്താന്‍ അനിവാര്യമായ അസംസ്‌കൃതവസ്തുകളുടെ ലഭ്യത ശോഷിച്ചുകൊണ്ടേയിരിക്കുകയാണ്.
Don”t Miss: വില്ലനായി അപരന്‍; പരാതിയുമായി ഫഹദ് ഫാസില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍
പെട്രോളിയം വസ്തുക്കള്‍ ഉണ്ടാക്കുന്ന മലിനീകരണത്തെയും ആഗോളതാപനം ഉള്‍പ്പടെയുള്ള അതിന്റെ പ്രത്യാഘാതങ്ങളെയും മുന്‍നിറുത്തി അവയുടെ ഉപഭോഗം ക്രമബന്ധിതമായി കുറച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളിലാണ് ആഗോളരാഷ്ട്രീയ നേതൃത്വം.
റോഡു നിര്‍മ്മാണത്തിന് ആവശ്യമുള്ള കരിങ്കല്ലുകള്‍, പാറപ്പൊടി, തുടങ്ങിയ പുനരുല്പാദനം സാധ്യമല്ലാത്ത വിഭവങ്ങള്‍ മിക്കവാറും കേരളത്തില്‍നിന്നുതന്നെയാണ് കണ്ടെത്തുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, അവഗണിക്കാനാകാത്തവിധം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അതുണ്ടാക്കുന്നുണ്ട്.
മേല്‍പ്പറഞ്ഞ നാലുസാഹചര്യങ്ങളെയും പരിഗണിച്ചിട്ട്, കേരളത്തിന്റെ നിലവിലെ വികസനപരിപ്രേക്ഷ്യത്തിന്റെ പരമപ്രധാനഘടകമായ റോഡുകളുടെ ദീര്‍ഘകാല നിലനില്‍പ്പിനേയും, പരിചരണത്തേയും (maintenance) സംബന്ധിച്ചും, പുതിയ റോഡുകളുടെ നിര്‍മ്മാണത്തെ സംബന്ധിച്ചും കേരളസര്‍ക്കാരിന്റെ വീക്ഷണം/നയം എന്താണ്?
പതിനായിരം കോടി രൂപ മുതല്‍മുടക്കില്‍ തീരദേശമലയോര ഹൈവേകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയിട്ടുള്ള സാഹചര്യത്തില്‍ ഈ വിഷയം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
3) പട്ടികയില്‍ രണ്ടാമത്തേതായി ഉന്നയിച്ചിട്ടുള്ള, പെട്രോളിയം അസംസ്‌കൃതവസ്തുക്കളുടെ പരിമിതികളുമായി നേരിട്ടു ബന്ധപ്പെടുന്ന ഒരു പദ്ധതിയാണ് വിഴിഞ്ഞം തുറമുഖത്തിന്റേത്. പെട്രോളിയം ഊര്‍ജ്ജത്തിനു പകരമായി കാറ്റും, സൗരോര്‍ജ്ജവും, മറ്റും ഉപയോഗിച്ച് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കാനും ആ വിദ്യുച്ഛക്തി ബാറ്ററികളില്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഗതാഗതസംവിധാനങ്ങള്‍ രൂപപ്പെടുത്താനുമുള്ള (ഉദാ: ഇലക്ട്രിക് കാറുകള്‍) ഗവേഷണങ്ങള്‍ ഒരു പരിധിവരെ വിജയിക്കുന്നുണ്ടെങ്കിലും, ഈ രീതിയില്‍ കപ്പലുകള്‍, വിമാനങ്ങള്‍, പോലുള്ള വലിയ ഗതാഗതചരക്കുനീക്ക ഉപാധികളെ “ലാഭകരമായി” പ്രവര്‍ത്തിപ്പിക്കാനാകുന്ന വഴികളൊന്നുംതന്നെ നമുക്ക് ഇതുവരേക്കും കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തില്‍, കപ്പലുവഴിയുള്ള ചരക്കുഗതാഗതത്തെ പൂര്‍ണമായും മുന്‍നിറുത്തുന്ന, ഭീമാകാരമായ അളവില്‍ പാരിസ്ഥിതികവിഭവങ്ങള്‍ ഉപയോഗിക്കുന്ന, വിഴിഞ്ഞംപോലൊരു പദ്ധതി എങ്ങനെയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനിര്‍ത്താനാകുക? അഥവാ, ഇത്തരമൊരു വന്‍കിട പദ്ധതിയുടെ ആയുസ്സെത്രയാണ്? കേരളസര്‍ക്കാര്‍ ഈ പ്രശ്‌നത്തെ എങ്ങനെയാണ് സമീപിക്കുന്നത്? (പ്രശ്‌നം ഗുരുതരമാകുമ്പോഴേക്കും അവസരോചിതമായി ആധുനികശാസ്ത്രം എന്തെങ്കിലും കണ്ടുപിടുത്തവുമായി രംഗപ്രവേശനം ചെയ്യുമെന്ന മട്ടിലാണ് ഇത്തരം വിഷയങ്ങളില്‍ ആഗോളഭരണകൂടങ്ങളുടെ പൊതുബോധം.
വിശ്വാസത്തിന്റെ പേരില്‍ പലതരം അസംബന്ധങ്ങള്‍ ചെയ്തിട്ട് ദൈവം രക്ഷിക്കുമെന്ന് അന്ധവിശ്വാസികള്‍ കരുതുന്നതും, ഈ ആധുനികശാസ്ത്രവിശ്വാസവും തമ്മില്‍ വ്യത്യാസമുണ്ടോ? ഒരുവേള ശാസ്ത്രത്തിന് അവസരോചിതമായി ഒന്നും കണ്ടെത്താനായില്ലെങ്കിലോ?
4) സൈദ്ധാന്തികമായി പറഞ്ഞാല്‍, കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കത്തക്കതാണ്. എന്നാല്‍, ഉപയോഗിക്കുന്ന നിര്‍മ്മാണസാമഗ്രികളുടെ ഗുണനിലവാരം, നിര്‍മ്മാണപ്രവര്‍ത്തികളുടെ ഗുണനിലവാരം, കാലാവസ്ഥ, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഈ കാലാവധിയില്‍ കാര്യമായ മാറ്റം വരുന്നു. ഇതനുസരിച്ച്, കേരളത്തില്‍ നടക്കുന്ന ഒട്ടുമിക്ക കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങളുടേയും ആയുസ്സ് 50100 വര്‍ഷങ്ങളായിരിക്കാം. ഇതിനെ സംബന്ധിച്ച് കൃത്യമായ പഠനങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ? ഉദാഹരണത്തിന്, കേരളത്തില്‍ സര്‍ക്കാര്‍ മുന്‍കൈയ്യില്‍ വിവിധ ഭവനനിര്‍മ്മാണപദ്ധതികള്‍ ഉള്‍പ്പടെ ധാരാളം കോണ്‍ക്രീറ്റ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്, പുതുതായി വിഭാവനം ചെയ്യപ്പെടുന്നുമുണ്ട്. അവയില്‍ പൂര്‍ത്തിയായ നിര്‍മ്മാണങ്ങളുടെ ശരാശരി ആയുസ്സിനെ കാലാവധിയെ, സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടന്നിട്ടുണ്ടോ?
മറ്റൊരുതരത്തില്‍ ചോദിച്ചാല്‍, കേരളത്തിലെ വരുംതലമുറകള്‍ക്കെല്ലാം ആവശ്യമുള്ള, അവകാശപ്പെട്ട, പരിമിതമായ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുള്ള, നിര്‍മ്മാണങ്ങള്‍ തലമുറകളോളം ആയുസ്സുള്ളതാണോ? ആണെങ്കില്‍, എത്രത്തോളം? അല്ലെങ്കില്‍, പരിമിതമായ പ്രകൃതിവിഭവങ്ങളെ വളരെ ശുഷ്‌കമായ ഒരു കാലയളവിലേക്ക് മാത്രമായി ഉപയോഗിച്ചുതീര്‍ക്കുന്ന നിലവിലെ സമ്പ്രദായത്തിന്റെ അടിയന്തരവും, ഗുണപരവുമായ, പരിണാമത്തെ കേരളസര്‍ക്കാര്‍ എങ്ങനെയാണ് വിഭാവനം ചെയ്യുന്നത്?
സ്വകാര്യവ്യക്തികളുടെ ദീര്‍ഘദൃഷ്ടിയില്ലാത്ത, സ്വാര്‍ത്ഥനിഷ്ഠമായ പ്രവര്‍ത്തനങ്ങളില്‍നിന്നും വ്യത്യസ്തമായി, ജനാധിപത്യസര്‍ക്കാരുകള്‍ ദീര്‍ഘദൃഷ്ടിയോടെ, പൊതുനന്മയെപ്രതി, എല്ലായ്‌പ്പോഴും മുന്നോട്ടുപോകുമെന്ന ധാരണയാണ് ആധുനികഭരണസവിധാനങ്ങളുടെയെല്ലാം ആധികാരികതയുടെ അടിസ്ഥാനം. ആ നിലയ്ക്ക്, മേലുന്നയിച്ച ചോദ്യങ്ങളെല്ലാംതന്നെ നിങ്ങളേവരും പ്രാധാന്യത്തോടെയും, കാലതാമസം ഒഴിവാക്കിയും, നിയമസഭയില്‍ ചര്‍ച്ചചെയ്യുമെന്ന് കരുതട്ടെ. ഏതെങ്കിലും ചോദ്യങ്ങളോ, ചോദ്യങ്ങള്‍ ആകവേതന്നെയോ ഉന്നയിക്കാതെ ഒഴിവാക്കുന്നപക്ഷം അതെന്തുകൊണ്ടാണെന്ന് അറിയാനും താല്‍പ്പര്യമുണ്ട്.
ആദരപൂര്‍വ്വം
ശ്യാം ബാലകൃഷ്ണന്‍
(24052017)
“ഗിംല”
നിരവില്‍പ്പുഴ
മട്ടിലിയം പി.ഒ
വയനാട് 670 731
ഇമെയില്‍: oneworlduniverstiy@gmail.com
(കഴിഞ്ഞ നിയമസഭാസമ്മേളന സമയത്ത് കേരളത്തിലെ എം.എല്‍.എമാര്‍ക്ക് ശ്യാം ബാലകൃഷ്ണന്‍ അയച്ച ഇമെയിലാണിത്. ഇതുവരെ ആരില്‍നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ശ്യാം പറയുന്നു)