ബിഹാറില്‍ നിതീഷും ബി.ജെ.പിയും തെറ്റുന്നു? തെരഞ്ഞെടുപ്പില്‍ അവസരം മുതലാക്കി ജെ.ഡി.യുവിനെ ഒപ്പം കൂട്ടാന്‍ ലാലുവിന്റെ പാര്‍ട്ടി
national news
ബിഹാറില്‍ നിതീഷും ബി.ജെ.പിയും തെറ്റുന്നു? തെരഞ്ഞെടുപ്പില്‍ അവസരം മുതലാക്കി ജെ.ഡി.യുവിനെ ഒപ്പം കൂട്ടാന്‍ ലാലുവിന്റെ പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th September 2019, 10:30 pm

ബിഹാര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ക്കണ്ട അതേ പ്രശ്‌നത്തിലേക്കു കൂപ്പുകുത്തി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും. ബി.ജെ.പിയുടെ നേതൃത്വത്തില്‍ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍.ഡി.എയിലെ മറ്റു കക്ഷികള്‍ കോപ്പുകൂട്ടുണ്ടെന്ന സൂചനകളാണ് ജെ.ഡി.യു നേതാവ് കൂടിയായ നിതീഷിനെ ആശങ്കപ്പെടുത്തുന്നത്.

നിതീഷാണ് തങ്ങളുടെ ക്യാപ്റ്റനെന്ന് സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പസ്വാന്‍ പറഞ്ഞെങ്കിലും മറ്റൊരു ക്യാപ്റ്റനെന്ന നിര്‍ദേശം ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്നതു വരെയേ അതുണ്ടാകൂവെന്നാണ് അദ്ദേഹം തന്നെ പറയുന്നത്.

‘ദ ഹിന്ദു’വിനു നല്‍കിയ അഭിമുഖത്തിലാണ് പസ്വാന്‍ ഇക്കാര്യം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പസ്വാന്റെ പാര്‍ട്ടി മത്സരിച്ച ആറ് സീറ്റിലും അവര്‍ ജയിച്ചിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തു നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനാണ് ഇനി പസ്വാന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ അവര്‍ക്കു രണ്ട് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. അതേസമയം ബി.ജെ.പിക്ക് 52-ഉും ജെ.ഡി.യുവിന് 67-ഉം എം.എല്‍.എമാരുണ്ട്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും എന്‍.ഡി.എയുടെ മുഖമായി നിതീഷ് വരുമോയെന്ന ചോദ്യത്തിനും കൂടിയാണ് പസ്വാനിലൂടെ ബി.ജെ.പി മറുപടി നല്‍കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

ബി.ജെ.പി മറ്റൊരു നേതാവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്നു കഴിഞ്ഞയാഴ്ച ഒരുവിഭാഗം ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും സംസ്ഥാനാധ്യക്ഷന്‍ സുശീല്‍ മോദി അതു തള്ളിയിരുന്നു. ഉപമുഖ്യമന്ത്രി കൂടിയാണ് സുശീല്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുതര്‍ക്കം നേരിട്ടപ്പോള്‍ 50-50 എന്ന ഫോര്‍മുല കൊണ്ടുവന്ന് ജെ.ഡി.യു, ബി.ജെ.പി നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെ തൃപ്തിപ്പെടുത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആകെയുണ്ടായിരുന്ന 40 സീറ്റുകളില്‍ എന്‍.ഡി.എ 39 സീറ്റുകളും നേടി. ചരിത്രത്തിലാദ്യമായാണ് ഇതു സംഭവിക്കുന്നത്.

അതേസമയം പ്രതിപക്ഷകക്ഷിയായ ആര്‍.ജെ.ഡി ജെ.ഡി.യുവിനെ തിരികെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. പിന്‍വാതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ആര്‍.ജെ.ഡി നേതാവ് രഘുവംശ് പ്രസാദ് സിങ് പറയുന്നത്.

എന്നാല്‍ ജെ.ഡി.യു ദേശീയ വക്താവ് കെ.സി ത്യാഗി ഈ അവകാശവാദം തള്ളിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ആര്‍.ജെ.ഡിയെങ്കിലും (80 സീറ്റ്) ലോക്‌സഭയില്‍ ഒറ്റ സീറ്റ് പോലും നേടാന്‍ അവര്‍ക്കായിരുന്നില്ല.

ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് പരസ്യമായി നിതീഷിനെതിരെ പ്രചാരണം നടത്തിയതാണ് തിരിച്ചടിയായതെന്നാണ് ആര്‍.ജെ.ഡിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഷായ്‌ക്കെതിരെയും തേജസ്വി കാര്യമായ ആക്രമണങ്ങള്‍ നടത്തുന്നുമില്ല.