ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ മികവോടെ മുന്നോട്ട് പോവുകയാണ് പാരിസ് ക്ലബ്ബായ പി.എസ്.ജി.
ചാമ്പ്യൻസ് ലീഗിൽ കന്നി കിരീട പ്രതീക്ഷയുമായിറങ്ങിയ ക്ലബ്ബിന് തങ്ങളുടെ മോഹം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും ലീഗിൽ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത മികവിലാണ് പി.എസ്.ജിയിപ്പോൾ.
ക്ലബ്ബിൽ തങ്ങളുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി മുന്നേറുന്ന ക്ലബ്ബിന് ഭീഷണിയാവുന്ന ഘടകങ്ങൾ ക്ലബ്ബിലെ പ്രശ്നങ്ങളും താരങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയുമാണ്.
കൂടാതെ കരാർ കാലാവധി അവസാനിക്കുന്നതോടെ ക്ലബ്ബ് വിടാൻ കാത്തിരിക്കുന്ന താരങ്ങളുടെ നീണ്ട നിരയും ഫ്രഞ്ച് ക്ലബ്ബിന് തലവേദനയാകുന്നുണ്ട്. മെസി, എംബാപ്പെ, നെയ്മർ, റാമോസ് മുതലായ താരങ്ങളെയെല്ലാം കൂട്ടിച്ചേർത്ത് ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇതിൽ തന്നെ നെയ്മറെ സംബന്ധിച്ച പുതിയ ട്രാൻസ്ഫർ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ദ അത് ലറ്റിക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം നെയ്മർ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ ക്ലബ്ബ് വിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
2017ൽ റെക്കോഡ് തുകയായ 222 മില്യൺ മുടക്കിയാണ് നെയ്മറിനെ പാരിസ് ക്ലബ്ബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പി.എസ്.ജിക്കായി ഇതുവരെ 173 മത്സരങ്ങളിൽ നിന്നും 118 ഗോളുകളും 77 അസിസ്റ്റുകളുമാണ് ഫ്രഞ്ച് ക്ലബ്ബ് സ്വന്തമാക്കിയത്.
എന്നാൽ കളി മികവിൽ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും താരത്തിന്റെ ജീവിത ശൈലിയും ക്ലബ്ബിലെ അച്ചടക്കമില്ലായ്മയും തുടരെ സംഭവിക്കുന്ന പരിക്കുകളുമാണ് നെയ്മർക്ക് ക്ലബ്ബിൽ ഏറെ വിമർശനങ്ങൾ വരുത്തി വെച്ചത്. കൂടാതെ താരത്തിന്റെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി വമ്പൻ തുകയും പി.എസ്.ജിയുടെ കയ്യിൽ നിന്നും ചെലവഴിക്കപ്പെടുന്നുണ്ട്.
ബാഴ്സയിൽ നിന്നും പാരീസിലെത്തിയ താരത്തിന് 2027 വരെയാണ് ക്ലബ്ബിൽ കരാറുള്ളത്. ഇതുവരെ 13 ട്രോഫികൾ പി.എസ്.ജിയിൽ നിന്നും സ്വന്തമാക്കിയ താരം ഫ്രഞ്ച് ക്ലബ്ബ് വിട്ടാൽ ചെൽസിയിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നേരത്തെ പ്രചരിച്ചിരുന്നു.
അതേസമയം നിലവിൽ ലീഗ് വണ്ണിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
മാർച്ച് 19ന് റെന്നെസുമായാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:Will Neymar leave PSG? latest reports