|

അയോഗ്യനാക്കിയും ജയിലിലടച്ചും നിശബ്ദനാക്കാമെന്ന് കരുതേണ്ട, ചോദ്യങ്ങള്‍ ഇനിയും ചോദിക്കുക തന്നെ ചെയ്യും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ താന്‍ ചോദ്യം ചെയ്തിരുന്നുവെന്നും അത് ശരിയായ ബന്ധമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘അദാനിയുടെ ഷെല്‍ കമ്പനികള്‍ക്ക് 20,000 കോടി രൂപ നല്‍കിയത് ആരാണെന്ന് ഞാന്‍ ചോദിച്ചു.

അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തു. അത് പുതിയ ബന്ധമൊന്നുമല്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതലുള്ളതാണിത്. അതിന് ഒരുപാട് തെളിവുകളും ഉണ്ടായിരുന്നു. ഇതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്.

അദാനിയുമായി വളരെ സൗഹൃദത്തിലിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും, രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ നിയമം ലംഘിച്ച് അദാനിക്ക് നല്‍കിയതിനെയും മറ്റ് തെളിവുകളും ഞാന്‍ സമര്‍പ്പിച്ചു. ഇതിന് പിന്നാലെ ബി.ജെ.പി എനിക്കെതിരെയുള്ള നീക്കങ്ങള്‍ തുടങ്ങി. പാര്‍ലമെന്റില്‍ ബി.ജെ.പി മന്ത്രിമാര്‍ എനിക്കെതിരെ കുപ്രചരണം നടത്തി. മറുപടി പറയാന്‍ സ്പീക്കര്‍ എനിക്ക് അനുമതി നല്‍കിയില്ല’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ചോദ്യം ചോദിക്കുന്നത് അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദി അദാനി ബന്ധത്തെ കുറിച്ച് ഇനിയും ചോദ്യം ചോദിക്കുമെന്നും അവരെ താന്‍ ഭയപ്പെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കി ജയിലിലടച്ച് നിശബ്ദനാക്കാമെന്ന് വിചാരിക്കേണ്ടെന്നും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് ഇന്ത്യയെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Will never stop questioning says Rahul gandhi