പാമോലീന്‍ കേസില്‍ നിന്നും ജിജി തോംസനെ ഒഴിവാക്കിയാല്‍ കോടതിയെ സമീപിക്കും
Kerala
പാമോലീന്‍ കേസില്‍ നിന്നും ജിജി തോംസനെ ഒഴിവാക്കിയാല്‍ കോടതിയെ സമീപിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2013, 5:53 pm

[]കൊച്ചി:പാമോലിന്‍ കേസിലെ പ്രധാന കുറ്റക്കാരിലൊരാളായ ജിജി തോംസനെ കേസില്‍ നിന്ന് ഒഴിവാക്കിയാല്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ടി.എച്ച് മുസ്തഫ.

കേസിലെ പ്രധാനക്കുറ്റക്കാര്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുറും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി ജിജി തോംസനാണെന്നും അദ്ദേഹം പറഞ്ഞു.
പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ ഭക്ഷ്യമന്ത്രിയായിരുന്ന താനോ വകുപ്പ് സെക്രട്ടറിയോ അനുമതി നല്‍കിയിട്ടില്ല.

പാമോലിന്‍ ഇറക്കുമതി ചെയ്യിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെക്കൊണ്ടും മുഖ്യമന്ത്രിയെകൊണ്ടും ജിജി തോംസണ്‍ നിര്‍ബന്ധിപ്പിച്ചു. മലേഷ്യന്‍ കമ്പനിയുമായി പാമോലീന്‍ ഇറക്കുമതി സംബന്ധിച്ച് ചര്‍ച്ച നടത്തിയതും കരാറുണ്ടാക്കിയതും ജിജി തോംസണും പത്മകുമാറും ചേര്‍ന്നാണെന്നും ഇവരെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും പാമോലീന്‍ കേസിലെ ഫയലുകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുസ്തഫ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കള്ളന്‍മാരെ ഒഴിവാക്കി നിരപരാധികളെ ശിക്ഷിക്കുന്നത് അനീതിയാണ്. കരുണാകരന്‍ പ്രത്യേക താല്‍പര്യമെടുത്താണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തത്. 7 വര്‍ഷമായി തന്നെ രാഷ്ട്രീയമായും വ്യക്തിപരമായും ദ്രോഹിക്കുകയാണ്.

കേസിന്റെ യഥാര്‍ത്ഥ വസ്തുത പരിശോധിക്കാന്‍ സര്‍ക്കാരോ കോടതിയോ തയ്യാറായിട്ടില്ലെന്നും മുസ്തഫ പറഞ്ഞു. വിവാഹ പ്രായം നിര്‍ണയിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ഇടപെടുന്നതിനോട് യോജിക്കാനാകില്ലെന്നും മുസ്തഫ പറഞ്ഞു.