ശ്രീനഗര്‍: കര്‍ണാടക പിടിച്ചടക്കിയതിനു പിന്നാലെ ഏറെനാളായി തെരഞ്ഞെടുപ്പ് നടക്കാതിരിക്കുന്ന ജമ്മു കശ്മീരിനെ ലക്ഷ്യംവെച്ച് ബി.ജെ.പി നീങ്ങുന്നു. കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ സുരക്ഷ സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷാ വ്യക്തമാക്കിയത് അതിന്റെ സൂചനയാണ്.
എന്നാല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന സൂചനകളാണ് കശ്മീരിലുണ്ടാവുന്നത്. ഒരുകാരണവശാലും ബി.ജെ.പിയെ സീറ്റ് നേടാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു.
കശ്മീരില്‍ ബി.ജെ.പി യോഗം ചേരുന്നതിന് ഒരുദിവസം മുന്‍പേ അവരുടെ മുന്‍ സഖ്യകക്ഷിയായ പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഒന്നിച്ചുനിന്നുള്ള പ്രതികരണമാണ് ഇതിനോടു വേണ്ടതെന്നാണ് മെഹ്ബൂബയുടെ പക്ഷം.
ഇതുവഴി തങ്ങളുടെ നിതാന്ത ശത്രുക്കളായ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കാനാണ് മെഹ്ബൂബയുടെ ശ്രമമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയോട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനും മെഹ്ബൂബ ആവശ്യപ്പെട്ടിട്ടുണ്ട്.