| Tuesday, 13th December 2022, 9:23 am

മെസിക്ക് സെമിഫൈനൽ മിസ്സ്‌ ആകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സെമി ഫൈനൽ ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിന് ഏതൊക്കെ ടീമുകൾ യോഗ്യത നേടും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

ഡിസംബർ 14, 15 തീയതികളിലായാണ് ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരും ടൂർണമെന്റ് ഫേവറൈറ്റുകളുമായ അർജന്റീന, കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ ലുസൈൽ സ്റ്റേഡിയത്തിൽ എതിരിടും.

എന്നാൽ 14 ന് നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിക്ക് കളിക്കാൻ സാധിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.

നെതരർലൻഡ്സിനെതിരായ മത്സരത്തിൽ അർജന്റീന-ഡച്ച് താരങ്ങൾ തമ്മിൽ വലിയ തോതിലുള്ള വാക്ക്പോര് നടന്നിരുന്നു. കളിക്കാർ തമ്മിൽ മാത്രമല്ല കോച്ചിംഗ് സ്റ്റാഫുകൾ തമ്മിലും വാക്കേറ്റം ഉണ്ടായി. പരുക്കൻ രീതിയിൽ മുന്നോട്ട് പോയ മത്സരത്തിൽ 17 തവണയാണ് റഫറി മഞ്ഞക്കാർഡ് ഉയർത്തിയത്.

സാധാരണ സംയമനത്തോടെ കളിക്കളത്തിൽ കളിക്കുകയും , പെരുമാറുകയും ചെയ്യാറുള്ള മെസിയുടെ നിയന്ത്രണം പോലും മത്സരത്തിൽ നഷ്ടമാവുകയായിരുന്നു. ഡച്ച് കോച്ച് ലൂയിസ് വാൻഗാലിനെതിരെയും മെസി പൊട്ടിത്തെറിച്ചു.

നെതര്‍ലന്‍ഡ്‌സിനെതിരായ സെമി ഫൈനലിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ അര്‍ജന്റീനയ്‌ക്കെതിരെ ഫിഫ അച്ചടക്ക നടപടി ആരംഭിച്ചതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫിഫയുടെ ഡിസിപ്ലിനറി കമ്മിറ്റിയുടെ ആർട്ടിക്കിൾ 12 വകുപ്പ് അനുസരിച്ചാണ് അച്ചടക്കനടപടികൾ ഉണ്ടാവുക.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മത്സരത്തിനിടെയും ശേഷവും ഇരു ടീമുകളിലെയും കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലും മാച്ച് റഫറി അന്റോണിയോ മത്തേയു ലഹോസിനെ കുറിച്ച് മെസിയും ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസും നടത്തിയ വിവാദ പരാമര്‍ശവുമാണ് ഫിഫ അന്വേഷിക്കുന്നത്.

അതേസമയം മത്സരം നിയന്ത്രിച്ച റഫറി അന്റോണിയോ മത്തേയുവിനെതിരെ അർജന്റീന-നെതർലാൻഡ്സ് താരങ്ങൾ നൽകിയ പരാതിയിൽ റഫറിയെ ഫിഫ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു.

അതേസമയം ഇന്ന് സെമി ഫൈനലിൽ വിജയിക്കാൻ അർജന്റീനക്ക് സാധിച്ചില്ലെങ്കിൽ ലയണൽ മെസിയുടെ ലോകകപ്പ് കിരീടം എന്ന സ്വപ്നത്തിന് വിരാമമാകാൻ സാധ്യതയുണ്ട് ഇനിയൊരു ലോകകപ്പിൽ കൂടി മെസി കളിച്ചേക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ..

Content Highlights:Will Messi miss the World Cup semi-finals

We use cookies to give you the best possible experience. Learn more