തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വി.എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
സുധീരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ കേള്‍ക്കും. അത് പരിഹരിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ പരിഹരിക്കും. അദ്ദേഹത്തെ ഉള്‍ക്കൊണ്ടുപോകണം എന്നാണ് എക്കാലത്തും കോണ്‍ഗ്രസും കെ.പി.സി.സിയും ആഗ്രഹിക്കുന്നതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ വി.എം. സുധീരന്‍ രാജി വെച്ചത് എന്താണെന്ന് അറിയില്ലെന്നായിരുന്നു കെ.സുധാകരന്‍ പറഞ്ഞത്. സുധീരന്റെ പരാതി എന്താണെന്ന് തനിക്കറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു.
അതേസമയം വി.എം. സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കെ.സുധാകരന്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാ ആളുകളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന പ്രവര്‍ത്തന ശൈലി സ്വീകരിക്കണമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.
ചര്‍ച്ചകളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വി.എം. സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജി വെച്ചത്.
ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് സുധാകരനെ ഫോണില്‍ വിളിച്ച് സുധീരന്‍ അറിയിച്ചിരിക്കുന്നത്. കെ.പി.സി.സിയിലെ ഏറ്റവും ഉന്നത സ്ഥാനങ്ങളില്‍ ഒന്നാണ് രാഷ്ട്രീയകാര്യ സമിതി.
കെ.പി.സി.സിയിലെ ഉന്നതധികാര സമിതിയായിട്ടും രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും സുധീരന്‍ അടക്കമുള്ളവര്‍ പരാതി പറഞ്ഞിരുന്നു.