ന്യൂദല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ഖാപ് പ്രതിനിധി സംഘം കാണുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് അവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘ഖാപ് പ്രതിനിധി സംഘം രാഷ്ട്രപതിയെയും സര്‍ക്കാരിനെയും കാണും. ഖാപും ഗുസ്തി താരങ്ങളും പരാജയപ്പെടില്ല. നാളെ കുരുക്ഷേത്രയില്‍ വെച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കും,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ സോറം ഗ്രാമത്തില്‍ ഖാപ് മഹാപഞ്ചായത്ത് നടത്തി. നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്.
ഖാപ് മഹാപഞ്ചായത്ത് വേദിയില്‍ വെച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ കോലം കത്തിച്ചു.അഞ്ച് ദിവസത്തിനകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുസ്തി താരങ്ങള്‍ സമരവുമായി മുന്നോട്ട് പോകുമെന്നും ഗുസ്തി താരങ്ങള്‍ എന്ത് തീരുമാനമെടുത്താലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
കൂടുതല്‍ പ്രദേശങ്ങളില്‍ ഖാപ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് നരേഷ് ടിക്കായത്ത് പറഞ്ഞു. വെള്ളിയാഴ്ച കുരുക്ഷേത്രയിലും ജൂണ്‍ നാലിന് സോനിപത്തിലും ഖാപ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാ ഖാപ് പഞ്ചായത്ത് വിജയിപ്പിക്കുന്നതിനായി ഖാപ് മേധാവികള്‍ ഇന്ന് പടിഞ്ഞാറന്‍ യുപിയിലെ വിവിധ സ്ഥലങ്ങളില്‍ യോഗങ്ങള്‍ നടത്തുകയും ഭാവി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.